ന്യൂദല്‍ഹി- കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് പ്രവശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കി. സുപ്രീം കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമായും കേരളത്തിന്റെ ഓര്‍ഡിനന്‍സിനെ സുപ്രിംകോടതി നിരീക്ഷിച്ചു.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇത് മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
2017-18 വര്‍ഷത്തില്‍ സര്‍ക്കാരറിയാതെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവക്കെതിരെ മെഡിക്കല്‍ പ്രവേശന സമിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശനം ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദാക്കുകയായിരുന്നു.
എന്നാല്‍ കുട്ടികളുടെ ഭാവിയെ കരുതിയെന്ന വാദവുമായി സര്‍ക്കാറും പ്രതിപക്ഷവും ഒത്തുചേര്‍ന്ന് പ്രവേശനത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് പുറത്തിറക്കുകയായിരുന്നു.