ഗ്വാളിയോർ- അനധികൃത ഖനനം നടത്തിയതിന് പോലീസ് പിടികൂടിയ പ്രതി സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ക്രൂരമായി മർദ്ദിച്ച് രക്ഷപ്പെട്ടു. പോലീസ് സ്‌റ്റേഷൻ വരാന്തയിൽ ഇരിക്കുകയായിരുന്ന രണ്ടു പോലീസുകാരെയാണ് പിക്കാസ് ഉപയോഗിച്ച് പ്രതി ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റ പോലീസുകാരിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രതിയെ പിന്നീട് പോലീസ് പിടികൂടി. ഞായറാഴ്ച്ച രാത്രി നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകത്തെത്തിയത്.
സ്‌റ്റേഷനിലെ വരാന്തയിൽ കസേരയിലിരുന്ന് ജോലി ചെയ്യുകയായിരുന്ന രണ്ടു പോലീസുകാരുടെ പിറകിലേക്ക് പതുങ്ങിയെത്തിയ പ്രതി കൈവശമുണ്ടായിരുന്ന പിക്കാസ് ഉപയോഗിച്ച് ഒരു പോലീസുകാരന്റെ തലക്ക് അടിക്കുകയായിരുന്നു. ഇയാൾ അധികം വൈകാതെ കുഴഞ്ഞുവീണു. തൊട്ടടുത്തിരിക്കുകയായിരുന്ന പോലീസുകാരനെയും പ്രതി അക്രമിച്ചെങ്കിലും അധികം പരിക്കേറ്റില്ല. ഈ പോലീസുകാരന്റെ ദേഹത്തേക്ക് കസേര മറിഞ്ഞുവീണതോടെ പ്രതിക്ക് അധികം മർദ്ദിക്കാനായില്ല. പ്രതി ഉടൻ പോലീസ് സ്‌റ്റേഷനിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ ഉമേഷ് ബാബുവിനെ ഉടൻ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കൂടുതൽ മെച്ചപ്പെട്ട ചികിത്സക്ക് വേണ്ടി ദൽഹിയിലേക്ക് മാറ്റി.
25-കാരനായ വിഷ്ണു രജാവത്ത് എന്നയാളാണ് പ്രതി. വിഷ്ണുരജാവത്തിനൊപ്പം മാൻസിംഗ് എന്നയാളെയും പോലീസ് പിടികൂടിയിരുന്നു. ഇവരെ ലോക്കപ്പിൽ സൂക്ഷിക്കുന്നതിന് പകരം, സ്റ്റേഷനിലെ വരാന്തയിൽ തന്നെയായിരുന്നു ഇരുത്തിയിരുന്നത്. പോലീസ് സ്‌റ്റേഷനിൽ അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന പിക്കാസ് ഉപയോഗിച്ചാണ് പ്രതി അക്രമം നടത്തിയത്. അനധികൃത ഖനനം നടത്തിയതിനാണ് ഇയാളെ പിടികൂടിയത് എന്നാണ് പോലീസ് പറയുന്നത്. അതേസമയം, താൻ കർഷകനാണെന്നും സുഹൃത്തിനെ കാണാനെത്തിയ തന്നെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്.