മുംബൈ- ഇനിയും സ്ഥാപിച്ചിട്ടില്ലാത്ത റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ വക നികുതി ഇളുവുകളും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശ്രേഷ്ഠപദവിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണിത്. ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് മറ്റു ഉന്നത സര്‍ക്കാര്‍ കലാലയങ്ങള്‍ക്കൊപ്പം കേന്ദ്ര മാനവശേഷി മന്ത്രാലയം ശ്രേഷ്ഠ സ്ഥാപന പദവി നല്‍കിയത് വലിയ വിവാദമായിരുന്നു. ഈ പദവി ലഭിച്ച സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും മറ്റും നികുതി ഇളവുകള്‍ നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്. ഫലത്തില്‍ ഇതു ആദ്യം ഗുണം ചെയ്യുക ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു മാത്രമായിരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മുംബൈ നഗരത്തിനു സമീപം 800 ഏക്കറില്‍ വരാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം ഇനിയും തുടങ്ങിയിട്ടില്ല. 2021നകം പ്രവര്‍ത്തനം തുടങ്ങണം എന്നാണ് ശ്രേഷ്ഠ പദവിക്കായി കേന്ദ്ര സര്‍ക്കാര്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ക്കു മുന്നില്‍വച്ച വ്യവസ്ഥ. അര്‍ധ നഗര മേഖലകളില്‍ പുതുതായി സംയോജിത ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
നിര്‍മ്മാണ പ്രവൃത്തികള്‍ ആദ്യമായി നടക്കുന്ന ഭൂമിയില്‍ നിശ്ചിത മാനദണ്ഡ പ്രകാരം മാത്രമെ കെട്ടിട നിര്‍മ്മാണം അനുവദിക്കൂ. പ്ലോട്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലവും ഒഴിച്ചിടേണ്ട സ്ഥലവും തമ്മില്‍ നിശ്ചിതാനുപാതം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഈ വ്യവസ്ഥ ഇതുവരെ ടൗണ്‍ഷിപ്പു പദ്ധതികള്‍ക്കു മാത്രമാണ് ഇളവുകള്‍ ഉണ്ടായിരുന്നുത്. എന്നാല്‍ പുതിയ തീരുമാന പ്രകാരം 40 ഹെക്ടറിനു മുകളില്‍ ഭൂമിയില്‍ നടക്കുന്ന എല്ലാ കെട്ടിട നിര്‍മാണങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പരിധിയിലും നികുതികളിലും ഇളവ് ലഭിക്കും. ഈ ഗണത്തില്‍ നിലവില്‍ ഒരേ ഒരു പദ്ധതി മാത്രമെ ഉള്ളൂ. അത് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മാണമാണ്.