മലപ്പുറം- കേരളത്തിലെ പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് സർക്കാർ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ മുസ്്ലിം ലീഗ് ഉറച്ചു നിൽക്കുന്നതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിം ലീഗിന്റെ ദുരിതാശ്വാസ ഫണ്ട് കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസത്തിന് പ്രത്യേക ബാങ്ക് അക്കൗണ്ട് വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാൽ പുതിയ അക്കൗണ്ടിലേക്കുമാറ്റാൻ പ്രത്യേക ഉത്തരവിറക്കിയെങ്കിലും പിന്നീട് അത് പിൻവലിക്കുന്ന കാഴ്ചയാണുണ്ടായത്. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതാശ്വാസത്തിന് ലഭിക്കുന്ന ഫണ്ട് സർക്കാർ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയും വ്യക്തമാക്കി.
കന്യാസ്ത്രീകളുടേയും പി.കെ ശശി എം.എൽ.എയുടേയും വിഷയങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് പറയേണ്ടത് സർക്കാറാണ്. സർക്കാർ ഈ വിഷയത്തിൽ തുടരുന്ന മൗനം ഭൂഷണമല്ല. യു.ഡി.എഫിന്റെ നിലപാട് മുന്നണി യോഗത്തിന് ശേഷം വ്യക്തമാകും. ശക്തമായ പ്രതിഷേധമാണ് സർക്കാറിനെതിരെ കേരളത്തിൽ ഉയരുന്നത്. സർവ്വ മേഖലയിലും അരക്ഷിതാവസ്ഥയാണ്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും അതിജീവനത്തിന്റെ കാലത്ത് സർക്കാർ ഉറങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.