ജിദ്ദ- വിദേശ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകുന്നതിനായി, ജനവാസ കേന്ദ്രങ്ങൾക്കു പുറത്ത് ലേബർ ക്യാമ്പുകൾ നിർമിക്കാനുള്ള വ്യവസ്ഥകൾക്ക് മന്ത്രിസഭയുടെ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ലേബർ ക്യാമ്പ് നിർമാണ വ്യവസ്ഥകൾ അംഗീകരിച്ചത്.
സമാധാനപരമായ ആവശ്യങ്ങൾക്ക് ശൂന്യാകാശ പര്യവേക്ഷണ മേഖലയിൽ റഷ്യയുമായി സഹകരിക്കുന്നതിന് ഒപ്പുവെച്ച കരാറിന് മന്ത്രിസഭ അംഗീകാരം നൽകി.
ഭേദഗതി ചെയ്ത കൈക്കൂലി വിരുദ്ധ നിയമവും മന്ത്രിസഭ പാസാക്കി. ശൂറാ കൗൺസിൽ തീരുമാനവും സാമ്പത്തിക, വികസന സമിതി ശുപാർശയും പരിശോധിച്ചാണ് നിയമ ഭേദഗതി മന്ത്രിസഭ പാസാക്കിയത്. കുറഞ്ഞ നിരക്കിൽ ബലി കൂപ്പണുകൾ ലഭ്യമാക്കുന്നതിനും, ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുമുള്ള പദ്ധതി അഡ്മിനിസ്ട്രേഷന് മന്ത്രിസഭ നിർദേശം നൽകി. പദ്ധതിക്കു കീഴിലെ കശാപ്പു ശാലകളിലേക്ക് സീസൺ വിസകളിൽ റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾക്ക് ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കി നൽകുന്ന സേവനങ്ങൾക്ക്, കശാപ്പുശാലകൾ പ്രവർത്തിപ്പിക്കുന്നതിന്റെ കരാറുകളേറ്റെടുക്കുന്ന കമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നില്ല എന്ന് അഡ്മിനിസ്ട്രേഷൻ ഉറപ്പുവരുത്തണം.
കശാപ്പു ശാലകളിലെ ജോലികൾ നിർവഹിക്കുന്നതിന് പ്രാദേശിക വിപണിയിൽ നിന്ന് തൊഴിലാളികളെ കണ്ടെത്തുന്നതിന് കരാറുകാരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.