മഥുര- രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി) നേതാവ് പ്രവീണ്‍ തൊഗാഡിയ. വിശ്വഹിന്ദു പരിഷത്തില്‍ (വി.എച്ച്.പി) നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് തൊഗാഡിയ രൂപീകരിച്ച പുതിയ സംഘടനയാണ് എ.എച്ച്.പി.
രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പി നേതൃത്വം ഇരട്ട നിലപാടാണ് സ്വീകരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വഗ്ദാനം പാലിക്കാതെ അധികാരത്തില്‍ തുടരാന്‍ ബി.ജെ.പിക്ക് ധാര്‍മിക അവകാശമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഥുരയില്‍ പാര്‍ട്ടി യോഗത്തിനെത്തിയ തൊഗാഡിയ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
മുത്തലാഖ് തടയാന്‍ ബില്‍ കൊണ്ടുവരാമെങ്കില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ബില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി മോഡിക്ക് എന്താണ് തടസ്സമെന്ന് തൊഗാഡിയ ചോദിച്ചു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന ബില്ലിന്റെ കാര്യത്തില്‍ മോഡി സര്‍ക്കാര്‍ സജീവമായിരുന്നു. എസ്.എസി, എസ്.ടി ആക്ടിന്റെ കാര്യം വന്നപ്പോള്‍ മോഡി പാര്‍ലമെന്റിനെ കുറിച്ച് ഓര്‍മിച്ചു. എന്നാല്‍ ബാബ്‌രി മസ്ജിന്റെ കാര്യം വരുമ്പോള്‍ മോഡി പാര്‍ലമെന്റിനെ വിസ്മരിക്കുകയും കോടതിയെ ഓര്‍മിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്.സു, എസ്.ടി നിയമത്തിനു കീഴിലുള്ള അറസ്റ്റിന് സുപ്രീം കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ അതു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കിയിരുന്നു.
രാമജന്മഭൂമി-ബാബ്‌രി മസ്ജിദ് കേസില്‍ സുപ്രീംകോടതി വാദം കേട്ടു തുടങ്ങിയിരിക്കയാണ്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഒഴികഴിവ് തുടരുകയാണെന്നും യഥാര്‍ഥത്തില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മോഡിക്ക് താല്‍പര്യമില്ലെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. രാമക്ഷേത്രം നിര്‍മിക്കുന്നതിന് എ.എച്ച്.പിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 21-ന് അയോധ്യയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
റഫാല്‍ ഇടപാട് സംബന്ധിച്ച ചോദ്യത്തിന് എങ്ങനെ റഫാല്‍ പോര്‍വിമാനങ്ങളുടെ വില ഉയര്‍ന്നുവെന്ന് അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു മറുപടി.
ബി.ജെ.പി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പാതയിലാണ്. കോണ്‍ഗ്രസില്‍നിന്നും മറ്റു പാര്‍ട്ടികളില്‍നിന്നും കൂറുമാറി വരുന്നവര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്നു. യഥാര്‍ഥ പ്രവര്‍ത്തകര്‍ പാടേ അവഗണിക്കപ്പെടുകയാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.