അല്‍ജിയേഴ്‌സ്- ഫുട്‌ബോള്‍ മൈതാനത്ത് സദ്ദാം ഹുസൈന്റെ പേരില്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അള്‍ജീരിയ ഇറാഖിനോട് ക്ഷമ ചോദിച്ചു. ഇറാഖി എയര്‍ഫോഴ്‌സ് ഫുട്‌ബോള്‍ ക്ലബും യു.എസ്.എം അള്‍ജറും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഗ്രൗണ്ടില്‍ അള്‍ജീരിയക്കാര്‍ ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനുവേണ്ടി മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് മത്സരത്തന്റെ മധ്യത്തില്‍ കളി നിര്‍ത്തി ഇറാഖി ടീം മടങ്ങിയിരുന്നു.
ഏതാനും പേരുടെ പെരുമാറ്റം കാരണം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം തകരാന്‍ പാടില്ലെന്ന് ഔദ്യോഗികമായി ക്ഷമ ചോദിച്ച ശേഷം ഒളിംപിക് അള്‍ജീരിയന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
മുദ്രാവാക്യം അപ്രതീക്ഷിതമായിരുന്നുവെന്നും അത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കരുതെന്നും അള്‍ജീരിയന്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അറബ് ചാമ്പ്യന്‍സ് ലീഗ് മാച്ചിലാണ് വിവാദ സംഭവം. കളിയുടെ 75 ാം മിനിറ്റില്‍ അള്‍ജീരിയന്‍ ടീം രണ്ട് ഗോളിനു മുന്നിട്ടുനില്‍ക്കുമ്പോഴാണ് അള്‍ജീരിയന്‍ ആരാധകര്‍ സദ്ദാം ഹുസൈന് ജയ് വിളിച്ചത്. വിഭാഗീയ മുദ്രാവാക്യം മുഴങ്ങിയതിനാലാണ് തങ്ങള്‍ കളി നിര്‍ത്തിയതെന്ന് ഇറാഖ് ടീം അറിയിച്ചു. ഗ്രൗണ്ട് വിട്ട ഇറാഖ് ടീമിനായി 15 മിനിറ്റ് കാത്തുനിന്ന ശേഷം റഫറി മത്സരം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.