ന്യൂദല്‍ഹി- ഇന്ധനന വില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ തിങ്കളാഴ്ച നടത്തിയ ബന്ദ് ശക്തിപ്പെട്ടതോടെ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പെട്രോള്‍ ഡീസല്‍ വിലയുടെ നിയന്ത്രണം തങ്ങളുടെ കൈകളിലല്ലെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനം പരിമിതപ്പെടുത്തിയതാണു കാരണം. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നില്ല. അല്‍പ്പം പ്രയാസത്തിലാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഈ പ്രതിഷേധത്തെ പിന്തുണയ്ക്കില്ലെന്നാണ് ബി.ജെ.പിയുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിലെ വിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് വില നിര്‍ണയെത്തെ സ്വാധീനിക്കുന്നത്. ലഭ്യതക്കുറവും വിലവര്‍ധനയ്ക്കു കാരണമായി. ഇതു താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമേലുള്ള യു.എസ് ഉപരോധം ശക്തിപ്പെടുത്തിയതും പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായിക്കൊണ്ടിരിക്കുന്നതും തിരിച്ചടിയായിരിക്കുകയാണ്.