കൊച്ചി- ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്നാരോപണം ഉന്നയിച്ച കന്യാസ്ത്രീയേയും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും അധിക്ഷേപിച്ച പി.സി. ജോര്‍ജ് എം.എല്‍.എ നേരിട്ട് ഹാജരായി മറുപടി നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന് നോട്ടീസ്. സെപ്തംബര്‍ 20ന് 11.30ന് ഹാജരാകാനാണ് കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ് ക്യാസ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ജോര്‍ജ് അവര്‍ക്ക് തിരുവസ്ത്രം അണിയാനുള്ള യോഗ്യതയില്ലെന്നും അധിക്ഷേപ സ്വരത്തില്‍ പറഞ്ഞിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് കമ്മീഷന് ജോര്‍ജിന് നോട്ടീസയച്ചത്.
അതിനിടെ പി.സി. ജോര്‍ജിനെതിരെ വായമൂടല്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചു. മോശം ഭാഷയില്‍ സംസാരിച്ചതും പീഡനത്തിനിരയായി എന്നു പരാതിപ്പെട്ട കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ പരമാര്‍ശങ്ങള്‍ നടത്തിയതിലുമുള്ള പ്രതിഷേധ സൂചകമായാണ് ക്യാമ്പയിന്. #വായമൂടല്‍, #വാടമൂടടാPC, #VaayaMoodalCampaign എന്നീ ഹാഷ്ടാഗുകളിലാണ് പ്രചാരണം. വായ മൂടുന്ന രീതിയില്‍ ഒട്ടിക്കാവുന്ന ടാപ് പി.സി ജോര്‍ജിന്റെ വിലാസത്തില്‍ അയച്ചു കൊടുക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് പ്രചാരണം. ഒട്ടിക്കാവുന്ന ടേപ്പ് വാങ്ങാന്‍ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുട ലിങ്കും പ്രചരിപ്പിക്കുന്നുണ്ട്.