Sorry, you need to enable JavaScript to visit this website.

അമേരിക്കയിലെ മറിയം റഷീദ മോഡല്‍ ചാരക്കേസ് വഴിത്തിരിവില്‍

മരിയ ബൂട്ടിന
വാഷിംഗ്ടണ്‍- അമേരിക്കയില്‍ റഷ്യന്‍ വനിത രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശരീരം വാഗ്ദാനം ചെയ്തുവെന്ന വിവാദ കേസില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ചുവടുമാറ്റി.  വമ്പന്മാരെ വീഴ്ത്താന്‍ സെക്‌സ് വാഗ്ദാനം ചെയ്തുവെന്ന ആരോപണം പിന്‍വലിച്ചതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.
യു.എസ് കസ്റ്റിഡിയിലുള്ള മരിയ ബൂട്ടിന ചില പ്രത്യേക സംഘടനകളില്‍ നുഴഞ്ഞുകയറാന്‍ സ്വന്തം ശരീരം വാഗ്ദാനം ചെയ്തുവെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ ആരോപിച്ചിരുന്നത്. മരിയ ബൂട്ടിനയും ചിലരും തമ്മില്‍ നടത്തിയ ടെക്സ്റ്റ് മെസേജുകള്‍ ഉദ്ധരിച്ച് പ്രോസിക്യൂട്ടര്‍മാര്‍ ഈ ആരോപണം ഉന്നയിച്ചതോടെ കേസ് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
ടെക്‌സ്റ്റ് മെസേജ് വിശകലനം ചെയ്തതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ഇപ്പോള്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. അതേസമയം മറ്റു തെളിവുകള്‍ ഉള്ളതിനാല്‍ കേസ് മുന്നോട്ടു കൊണ്ടുപോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ സംഘടനകളുടേയും രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് 29 കാരി മരിയ ബൂട്ടിനയെ ജൂലൈയിലാണ് അറസ്റ്റ് ചെയ്തിരുന്നത്. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍, നാഷണല്‍ പ്രേയര്‍ ബ്രേക്ക്ഫാസ്റ്റ് തുടങ്ങിയ സംഘടനകളിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിച്ചുവെന്നും അങ്ങനെ റഷ്യക്ക് വേണ്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നുമായിരുന്നു ആരോപണം. വാഷിംഗ്ടണില്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെന്നാണ് മരിയം ബൂട്ടിന പരിചയപ്പെടുത്തിയിരുന്നതെന്നും പറയുന്നു. കൊളംബിയ ഡിസ്ട്രികട് യു.എസ് അറ്റോര്‍ണിയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. 2016 യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടെപെട്ടതിനെ കുറിച്ചും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണം നയിച്ചവരും റഷ്യന്‍ അധികൃതര്‍ തമ്മിലുമുണ്ടായ ഏകോപനം അന്വേഷിക്കുന്ന സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുവെല്ലറിന്റെ അന്വേഷണ പരിധിയില്‍ ഈ കേസ് വരുന്നില്ല.
മരിയം ബൂട്ടിനയുടെ കേസില്‍ തിങ്കളാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് വിവാദ ആരോപണങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ചാര്‍ജ് ഷീറ്റ് പ്രോസിക്യൂഷന്‍ നല്‍കിയിരിക്കുന്നത്.
ബൂട്ടിന  അമേരിക്കന്‍ സംഘടനയുടെ ഭാരവാഹിയുമായി നടത്തിയ ടെക്‌സറ്റ് മെസേജുകള്‍ ഉദ്ധരിച്ചതെന്നും ഇദ്ദേഹം ബൂട്ടിനയുടെ ദീര്‍ഘകാല സുഹൃത്താണെന്നുമാണ് ബൂട്ടിനക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ റോബര്‍ട്ട് ഡ്രിസ്‌കോള്‍ വാദിച്ചത്.
കോടതി രേഖകളില്‍ ഡി.കെ എന്നു ചേര്‍ത്തിരിക്കുന്നയാള്‍ മരിയ ബൂട്ടിനയുടെ കാര്‍ സര്‍ക്കാര്‍ പരിശോധനക്കും ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും കൊണ്ടു പോയശേഷം നടത്തിയ ചാറ്റാണ് വിവാദമായത്.
ഇന്‍ഷുറന്‍സ് ശരിയാക്കിയ വിവരം അറിയിച്ചപ്പോള്‍ മരിയ ബൂട്ടിന നല്‍കിയ മറുപടിയില്‍ സെക്‌സ് എന്നു ചേര്‍ത്തിരുന്നു.
ഒക്കെ ശരിയായി എന്തു തരും എന്ന ചാറ്റ് സന്ദേശത്തിനാണ് സെക്‌സ്, വളരെ നന്ദിയെന്നും മറ്റൊന്നുമില്ലെന്നും മറുപടി നല്‍കിയത്.
ബൂട്ടിന ഡി.കെയുടെ ഭാര്യയുടേയും കുട്ടിയുടേയും കൂട്ടുകാരിയാണെന്നും അദ്ദേഹത്തെ സഹോദരനെ പോലെയാണ് കരുതുന്നതെന്നും ഇവര്‍ രണ്ടുപേരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് തെളിവില്ലെന്നുമാണ് അഭിഭാഷകന്‍ വാദിച്ചത്. ഈ ആരോപണത്തിനു പിന്നാലെ പെണ്‍കെണി ഒരുക്കുന്ന റഷ്യക്കാരിയെ കുറിച്ച് ധാരാളം കഥകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയില്‍ ചാരവനിതയെന്ന് ആരോപിക്കപ്പട്ട മറിയം റഷീദ ഉള്‍പ്പെട്ട ഐ.എസ്.ആര്‍.ഒ ചാരക്കേസിനു സമാനമായിരുന്നു ഇത്.
ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ആരോപണത്തില്‍നിന്ന് പിറകോട്ടു പോയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മരിയ ബൂട്ടിനയുടെ അഭിഭാഷകന്‍ റോബര്‍ട്ട് ഡ്രിസ്‌കോള്‍ പറഞ്ഞു.

Latest News