പട്‌ന- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബി.ജെ.പിയുടേയും ബിഹാറില്‍ നിതീഷ് കുമാറിന്റേയും ജെ.ഡി.യുവിന്റെയും പഞ്ചാബില്‍ കോണ്‍ഗ്രസിന്റേയും മിന്നുന്ന തെരഞ്ഞെടുപ്പ് ജയങ്ങള്‍ക്കു പിന്നിലെ തന്ത്രം മെനഞ്ഞ് താരമായി മാറിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിശോര്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് ചുവടുമാറ്റുന്നു. ആറു വര്‍ഷമായി വിവിധ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്ത കിഷോര്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാണ് ഒരു കൈനോക്കുന്നതെന്ന് സൂചന നല്‍കി. താഴേതട്ടിലുള്ള രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. അതേസമയം ഏതു പാര്‍ട്ടിയാണ് ചേരുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി നല്ല അടുപ്പമുള്ള കിഷോര്‍ നിതീഷിന്റെ ജെ.ഡി.യുവില്‍ ചേര്‍ന്നേക്കുമെന്ന് എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു. 2015ല്‍ ബിഹാറില്‍ ജെ.ഡി.യു-ആര്‍.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു തന്ത്രം മെനഞ്ഞതും വിജയത്തിലെത്തിച്ചതും പ്രശാന്ത് കിഷോറായിരുന്നു. അന്നു മുതലുള്ള ബന്ധം കിഷോര്‍ നിതീഷുമായി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡിക്കു വേണ്ടി പ്രവര്‍ത്തിച്ചാണ് 2012ല്‍ രാഷ്ട്രീയ തന്ത്രം മെനയല്‍ കിഷോര്‍ തുടങ്ങിയത്. 2014-ലും മോഡിക്കു വേണ്ടി കിഷോര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പു ജയിച്ച ശേഷം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കിഷോറിന് അഭിപ്രായ ഭിന്നതയുണ്ടാകുകയും സ്വന്തം വഴി തെരഞ്ഞെടുക്കുകയുമായിരിന്നു. പിന്നീട് ബി.ജെ.പിയുടെ എതിരാളികള്‍ക്കു വേണ്ടിയാണ് കുറച്ചു കാലം പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിനു എസ്.പിക്കും വേണ്ടി പഞ്ചാബിലും ഉത്തര്‍ പ്രദേശിലും കിഷോര്‍ പ്രവര്‍ത്തിച്ചു.
നിതീഷനു പിന്നിലെ ചാണക്യനായാണു കിഷോറിനെ രാഷ്ട്രീയ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. നിതീഷ് ബി.ജെ.പിയുമായി സഖ്യത്തിലായപ്പോഴും ഈ ബന്ധം കിഷോര്‍ തുടര്‍ന്നു. ഈയിടെയായി ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതും കിഷോറിന്റെ രാഷ്ട്രീയ രംഗ പ്രവേശനത്തെ കുറിച്ച് അഭ്യുഹങ്ങള്‍ക്കിടയാക്കി.