Sorry, you need to enable JavaScript to visit this website.

നോട്ടു കീറിയാല്‍ കീശ കീറും; കേടായ 2000, 200 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ വില കുറയും

മുംബൈ- നോട്ടുനിരോധനം പോതുജനത്തിന് പലവഴിക്കാണ് പണിതന്നത്. ഇപ്പോഴിതാ മുഷിഞ്ഞതും കേടായതുമായ പുതിയ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ വിലയിടിയുന്ന പുതിയ ചട്ടവും കൊണ്ടു വന്നിരിക്കുന്നു. കീറിയതോ ചെളി പുരണ്ട് പാടെ മുഷിഞ്ഞതോ ആയ 2000, 200 രൂപാ നോട്ടുകള്‍ക്ക് എത്രത്തോളം കേടുപാടുണ്ടെന്നതിനെ അടിസ്ഥാനമാക്കിയാണ് ഇനി എക്‌സ്‌ചേഞ്ച് വില നിശ്ചിക്കുക. ഇത് പകുതിയോ അല്ലെങ്കില്‍ പൂര്‍ണമായോ കുറച്ചേക്കാനുമിടയുണ്ട്. കേടായ നോട്ടുകള്‍ക്ക് പകരം പുതിയവ മാറ്റിവാങ്ങുന്നതിനനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഭേദഗതി ചെയ്തതാണ് ഈ വിലയിടിവിന് കാരണം. പുതിയ ചട്ടനമുസരിച്ച് 2000 രൂപ നോട്ടിന്റെ 88 ശതമാനം ഭാഗമെങ്കിലും മുഷിയാതിരുന്നാലെ അത് മാറ്റി വാങ്ങുമ്പോള്‍ മുഴുവന്‍ വിലയും ലഭിക്കൂ. 44 ശതമാനമെങ്കിലും ഭാഗം നല്ലതായുണ്ടെങ്കില്‍ പകുതി വില ലഭിക്കും. 200 രൂപാ നോട്ടില്‍ 78 ശതമാനം കേടാകാത്ത ഭാഗം ബാക്കിയുണ്ടെങ്കില്‍ മാത്രമെ മുഴുവന്‍ വില ലഭിക്കൂ. 39 ശതമാനം ഭാഗം കേടുപാടില്ലാതെ ബാക്കിയുണ്ടെങ്കില്‍ പകുതി വിലയും തിരിച്ചു ലഭിക്കും.

മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കുന്ന ചട്ടങ്ങള്‍ നേരത്തെ 2000, 200 രൂപാ നോട്ടുകള്‍ക്കും മഹാത്മാ ഗാന്ധി സീരീസിലുള്ള മറ്റു നോട്ടുകള്‍ക്കും ബാധകമായിരുന്നില്ല. പുതിയ ചട്ടങ്ങള്‍ പ്രകാരം മഹാത്മാ ഗാന്ധി സീരിസിലുള്ള 10, 20, 50, 100 രൂപാ നോട്ടുകള്‍ക്കും ഇതു ബാധകമാണ്. പുതിയ മഹാത്മാ ഗാന്ധി സീരിയല്‍ നമ്പര്‍ ഉള്ള 100 രൂപാ നോട്ടിന്റെ 75 ശതമാനം ഭാഗമെങ്കിലും മുഷിയാതെ ബാക്കിയുണ്ടെങ്കില്‍ മാത്രമം പൂര്‍ണ തുക ലഭിക്കൂ. 38 ശതമാനം ബാക്കിയുണ്ടെങ്കില്‍ പകുതി വിലയും ലഭിക്കും. 50 രൂപാ നോട്ടിന്റെ 72 ശതമാനം ഭാഗം കേടാകാതെ ഉണ്ടെങ്കില്‍ പൂര്‍ണ വിലയും 36 ശതമാനം മാത്രമെ ഉള്ളൂവെങ്കില്‍ പകുതി വിലയും തിരികെ ലഭിക്കും.

ഈ നിശ്ചിത പരിധിക്കപ്പുറം നോട്ടുകള്‍ പാടെ മുഷിഞ്ഞതും കേടായതുമാണെങ്കില്‍ മൂല്യം തിരിച്ചു ലഭിക്കില്ല. ഈ ചട്ടങ്ങള്‍ കഴിഞ്ഞയാഴ്ച മുതല്‍ നിലവില്‍ വന്നു കഴിഞ്ഞു. ആര്‍.ബി.ഐ ഓഫീസുകളിലോ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകളിലോ മുഷിഞ്ഞ നോട്ടുകള്‍ക്ക് പകരം പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം പുതിയവ മാറ്റിയെടുക്കാം. 


 

Latest News