ന്യൂദല്‍ഹി- രാജ്യത്തിന്റെ പരമാധികാരം കയ്യാളുന്ന രാഷ്ട്രപതിയും അദ്ദേഹത്തിന്റെ അഭാവത്തില്‍ ചുമതല വഹിക്കേണ്ട ഉപരാഷ്ട്രപതിയും ഒരേ സമയം രാജ്യത്തിനു പുറത്ത്. ഇവരുടെ വിദേശയാത്രകള്‍ക്ക് ക്രമീകരിക്കുകുയും പ്രോട്ടോകോള്‍ തയാറാക്കുകയും ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തിന് പിഴവ് സംഭവിച്ചതായാണ് വിലയിരുത്തല്‍. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഒരേ സമയത്ത് രാജ്യത്തിനു പുറത്തായിരിക്കാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുന്ന പക്ഷം ചുമതല വഹിക്കാന്‍ ആരെങ്കിലും ഒരാള്‍ രാജ്യത്തിനകത്ത് ഉണ്ടായിരക്കണമെന്നാണ് ചട്ടം. കടുത്ത പ്രോട്ടോകോള്‍ ചട്ടങ്ങള്‍ നോക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന് എവിടെയാണ് പിഴച്ചതെന്ന ചോദ്യമാണ് ഉയരുന്നത്.
മധ്യേഷന്‍ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തതിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒരാഴ്ചയായി വിദേശത്തായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഈ സമയം ആര്‍.എസ്.എസ് കാര്‍മികത്വത്തില്‍ യുഎസിലെ ചിക്കാഗോയില്‍ നടക്കുന്ന രണ്ടാമത് ലോക ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുക്കാനും പോയി. ഇതോടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്ത് ഇല്ലാതിരുന്ന അസാധാരണ സാഹചര്യം ഉണ്ടായി. രാഷ്ട്രപതി വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച തിരിച്ചെത്തും. വെങ്കയ്യ നായിഡു ഇപ്പോഴും യുഎസില്‍ തന്നെയാണ്.
സൈപ്രസ്, ബള്‍ഗേറിയ, ചെക്ക് റിപബ്ലിക് എന്നീ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് ഒരാഴ്ച മുമ്പ് രാഷ്ട്രപതി രാജ്യത്തിനു പുറത്തു പോയത്. ഇപ്പോള്‍ യുഎസിലുള്ള ഉപരാഷ്ട്രപതി ഇന്ന് ലോക ഹിന്ദു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിക്കുന്നുണ്ട്. തെലുഗു സംഘടനകളുടെ പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. നായിഡുവിന്റേത് ഔദ്യോഗിക യാത്രയായിരുന്നില്ലെന്നും മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ലോക ഹിന്ദു കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിപാടിയല്ല. ആര്‍.എസ്.എസ് പരിപാടിയാണ്. സന്ദര്‍ശിക്കുന്ന വിദേശ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചുമല്ല നായിഡു യുഎസില്‍ എത്തിയിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നായിഡുവിന്റേത് വ്യക്തിപരമായ സന്ദര്‍ശനമായിരുന്നോ എന്നും വ്യക്തമല്ല.