കാൺപൂർ- ജന്മാഷ്ടമി ദിവസം ഭാര്യ നോൺ വെജ് പിസ കഴിച്ചതിൽ മനംനൊന്ത് വിഷം കുടിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ മരിച്ചു. യുവ ഐ.പി.എസ് ഓഫീസർ സുരേന്ദ്രകുമാർ ദാസ് എന്ന മുപ്പതുകാരനാണ് മരിച്ചത്. വിഷാദരോഗത്തിനും ഇദ്ദേഹം അടിമയായിരുന്നുവെന്നാണ് വിവരം. ജീവിതം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ എന്തെല്ലാം എന്ന് ആത്മഹത്യശ്രമത്തിന് മുമ്പായി ഇദ്ദേഹം അന്വേഷിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. വിഷത്തിന്റെ ഉപയോഗം, കത്തി ഉപയോഗിച്ചുള്ള ആത്മഹത്യ തുടങ്ങിയവയുടെ വീഡിയോകളും അദ്ദേഹം കണ്ടിരുന്നു. അദ്ദേഹത്തിന്റെ മനോനില ശരിയായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ജോലിയിലെ സമർദ്ദമാണോ ആത്മഹത്യക്ക് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് അദ്ദേഹത്തെ കാൺപൂർ എസ്.പിയായി നിയോഗിച്ചത്.