Sorry, you need to enable JavaScript to visit this website.

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഏഴു പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ശുപാര്‍ശ ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറുമെന്ന് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. തടവില്‍ കഴിയുന്ന പേരറിവാളന്‍, മുരുകന്‍, ശാന്തം, നളിനി ശ്രീഹരന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരുടെ മോചനത്തിനാണ് വീണ്ടും വഴിതെളിയുന്നത്. പേരറിവാളന്റെ ദയാഹരജിയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മറ്റു പ്രതികളും മോചനത്തിനായി നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ എല്ലാ പ്രതികളേയും മോചിപ്പിക്കാന്‍ ആവശ്യപ്പെടാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

ശ്രീലങ്കന്‍ തമിഴ് വിഘടനവാദികളായ എല്‍.ടി.യി.ഇ ഭീകരര്‍ 1991 മേയിലാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ വകവരുത്തിയത്. പിന്നീട് പ്രതികളെ പിടികൂടിയതും ഇവരെ വിചാരണ നടത്തി ശിക്ഷി വിധിച്ചതും തമിഴ് രാഷ്ട്രീയത്തില്‍ ഏറെ വൈകാരികമായ സംഭവവികാസമായിരുന്നു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെന്നും കൊലപാതക പദ്ധതിയിലേക്ക് വലിച്ചിഴക്കപ്പെട്ട ഇവര്‍ക്ക് ഇതുസംബന്ധിച്ച് ചെറിയ അറിവെ ഉണ്ടായിരുന്നുള്ളൂവെന്നും വിശ്വസിക്കുന്ന വലിയൊരു വിഭാഗം തമിഴ്‌നാട്ടിലുണ്ട്.

കേസില്‍ നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു. 27 വര്‍ഷം തടവ് അനുഭവിച്ചെങ്കിലും ഇവരുടെ ദയാഹര്‍ജി പലതവണ തള്ളപ്പെട്ടു. ഇവരെ മോചിപ്പിക്കാനാവില്ലെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരും നിലപാടെടുത്തിരുന്നു. ഇവരെ വിട്ടയച്ചാല്‍ അത് അപകടകരമായ ഒരു കീഴ് വഴക്കമാകുമെന്നും ദുരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

2014ല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയും രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നല്‍ അന്നും കേന്ദ്രം ഈ ആവശ്യം തള്ളുകയായിരുന്നു. രാജീവ് ഗാന്ധിയുടെ മക്കളായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജീവ് ഗാന്ധിയും പ്രിയങ്കയും ഈയിടെ തന്റെ പിതാവിന്റെ ഘാതകര്‍ക്ക് പൂര്‍ണമായും മാപ്പു നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഇനി എന്തു നിലപാടെടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Latest News