ചെന്നൈ- രാഷ്ട്രീയ വിശകലന വിദഗ്ദനും സ്വരാജ് അഭിയാൻ സംഘടനയുടെ തലവനുമായി യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി സിനിമാ താരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽ ഹാസൻ രംഗത്ത്. ഏകാധിപത്യത്തിന്റെ ഭാവമാണ് യോഗേന്ദ്രയാദവിന്റെ അറസ്റ്റിലൂടെ വെളിവായിരിക്കുന്നതെന്ന് കമൽ ഹാസൻ പ്രതികരിച്ചു. യോഗേന്ദ്ര യാദവിനെ സഹോദരൻ എന്ന് വിളിച്ചാണ് കമലിന്റെ പ്രസ്താവന. യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തത് വിമർശിക്കപ്പെടേണ്ടതും അപലപിക്കേണ്ടതുമാണ്. അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുക എന്നത് ഏകാധിപത്യത്തിന്റെ രീതിയാണ്-കമൽ പറഞ്ഞു.
സേലം-ചെന്നൈ എക്‌സ്പ്രസ് വേക്കെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് യോഗേന്ദ്ര യാദവ് ഇന്നലെ തമിഴ്‌നാട്ടിലെത്തിയത്. എന്നാൽ പോലീസ് അദ്ദേഹത്തെ സമരക്കാരുടെ അടുത്തേക്ക് പോകാൻ സമ്മതിക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റി. തന്നെ പോലീസ് കൈകാര്യം ചെയ്തതായും യോഗേന്ദ്ര യാദവ് പറഞ്ഞു. എക്‌സപ്രസ് വേക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് കർഷകരെ ബാധിക്കുന്നതിനെ പറ്റി പഠിക്കാൻ കൂടിയാണ് യോഗേന്ദ്ര യാദവ് തമിഴ്‌നാട്ടിലെത്തിയത്. സേലത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പതിനായിരം കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ എക്‌സ്പ്രസ് വേ നൂറുകണക്കിന് ഏക്കർ കാർഷിക ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിനെതിരെയാണ് കർഷകർ സമരമുഖത്തുള്ളത്.