കോട്ടയം- ജനന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാന്‍ പോലീസ് ഉന്നതര്‍ തന്നെ നീക്കം നടത്തുന്നതായി പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകളുടെ ആരോപണം. ഡി.ജി.പിയും ഐ.ജിയും ചേര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ അന്വേഷണ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇപ്പോള്‍ കേസ് ക്രൈം ബ്രാഞ്ചിന് വിടാന്‍ നീക്കം നടത്തുന്നത് കേസ് അട്ടിമറിക്കാനാണ്. മതിയായ തെളിവകള്‍ ലഭിച്ചിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഡി.വൈ.എസ്.പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. അറസ്റ്റ് വൈകിപ്പിക്കുന്നതിനു പിന്നില്‍ ഡി.ജി.പിയും ഐ.ജിയുമാണ്. ബിഷപ്പിനെതിരായി വേണ്ടത്ര മൊഴികളും സാക്ഷികളും ഇപ്പോഴത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ അന്വേഷണ സംഘത്തെ മാറ്റുന്നത് അട്ടിമറിക്കാനുള്ള നീക്കമാണെന്നും അവര്‍ ആരോപിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു.
അതേസമയം അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ചിനു വിടുന്നത് സംബന്ധിച്ച് ഡി.ജി.പി കോട്ടയം എസ്.പിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടു ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.