അഹമ്മദാബാദ്- ഇരുപത്തിരണ്ടു വർഷം പഴക്കമുള്ള കേസിൽ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് നിയമപോരാട്ടത്തിന് പിന്തുണ അഭ്യർത്ഥിച്ചു. ഭർത്താവിനെ ജയിലിൽനിന്ന് പുറത്തിറക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് അവർ ആവശ്യപ്പെട്ടു. സഞ്ജീവ് ഭട്ടിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ശ്വേതയുടെ അഭ്യർത്ഥന. കഴിഞ്ഞദിവസം അറസ്റ്റിലായ സഞ്ജീവ് ഭട്ടിന് ഇതേവരെ ജാമ്യം ലഭിച്ചിട്ടില്ല. പോലീസ് കസ്റ്റഡിയിൽവേണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ലെങ്കിലും അദ്ദേഹത്തെ രണ്ടാഴ്ച്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു കോടതി ചെയ്തത്.
വ്യാഴാഴ്ച്ചയാണ് സഞ്ജീവ് ഭട്ടിന്റെ ജാ്മ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നത്. അദ്ദേഹത്തെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന സി.ഐ.ഡി വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇനി തിങ്കളാഴ്ച്ച മാത്രമേ സഞ്ജീവ് ഭട്ടിന്റെ അപേക്ഷ കോടതി പരിഗണിക്കൂ. ഇതിനിടെയാണ് പിന്തുണ വേണമെന്നഭ്യർത്ഥിച്ച് ശ്വേത സഞ്ജീവ് ഭട്ട് എത്തിയത്.
സഞ്ജീവ് ഭട്ടിന്റെ ഫെയ്‌സ്ബുക്കിൽ ശ്വേത കുറിച്ച വരികൾ
ഇത് ശ്വേത സഞ്ജീവ് ഭട്ട് ആണ്
പ്രിയമുള്ളവരെ. സഞ്ജീവിനോടുള്ള നിങ്ങളുടെ അചഞ്ചലവും നിരുപാധികവുമായ പിന്തുണക്ക് നന്ദി. സഞ്ജീവിന്റെ സത്യസന്ധതക്കും ആർജവത്തിനും നിങ്ങൾ നൽകുന്ന പിന്തുണയെ ഞാൻ ആദരവോടെ ഓർക്കുകയാണ്.
വിയോജിപ്പിന്റെ ശബ്ദത്തെ എങ്ങിനെയാണ് നമ്മുടെ ഗവൺമെന്റ് മൂടിക്കെട്ടുന്നത് എന്നതിന് കഴിഞ്ഞദിവസങ്ങളിൽ നാം സാക്ഷിയായിരിക്കുന്നു. പോലീസിനെയും ജുഡീഷ്യറിയെയും വ്യക്തിപരമായ കുടിപ്പക തീർക്കാൻ എങ്ങിനെയാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നതിന് നാം സാക്ഷികളാണ്. പ്രൊഫഷണൽ സത്യസന്ധതക്കാണോ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കാണോ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ചോദ്യം പത്രപ്രവർത്തകരുടെ മുന്നിലുമുണ്ട്.
ഫാസിസ്റ്റ് ശക്തികൾക്കെതിരായ കനത്ത പോരാട്ടത്തിന്റെ സമയമാണിത്. മുമ്പുള്ളതിനേക്കാളേറെ ശക്തിയിൽ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ആ പിന്തുണക്ക് മാത്രമേ സഞ്ജീവിനെ ജയിലിൽനിന്ന് വീട്ടിലേക്ക് തിരിച്ചെത്തിക്കാനാകൂ.
ഇപ്പോൾ സഞ്ജീവ് ഇവിടെയുണ്ടെങ്കിൽ ഗാന്ധിജിയുടെ വാചകം അദ്ദേഹം എടുത്തുദ്ധരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ വാചകം ഇതിന് മുമ്പ് ഒട്ടേറെ സമയങ്ങളിൽ അദ്ദേഹത്തി് ശക്തിപകർന്നിട്ടുണ്ട്.
നിരാശനാകുമ്പോൾ നിങ്ങൾ ചരിത്രത്തിന്റെ വഴികളിലേക്ക് നോക്കുക. ആ വഴികളിലൂടെ അക്രമികളും കൊലപാതകികളും നടന്നിട്ടുണ്ട്. ആ സമയത്ത് അജയ്യരാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകും. എന്നാൽ ചരിത്രത്തിൽ സത്യവും സ്‌നേഹവും മാത്രമമേ ജയിച്ചിട്ടുള്ളൂ. മുഴുവൻ അധർമ്മങ്ങളും അവസാനിക്കുന്നത് പരാജയത്തിലാണ്. ഈ കാര്യം മാത്രം ചിന്തിക്കുക, എല്ലായ്‌പ്പോഴും.
എല്ലാവരോടും നന്ദി
ധീരനായ സഞ്ജീവിനൊപ്പം എപ്പോഴും നിന്നതിന്,
അടിപതറാത്ത പിന്തുണ വീണ്ടും വീണ്ടും സമ്മാനിക്കുന്നതിന്,
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ