- 374 പേര്‍ക്ക് 15 വര്‍ഷവും 215 പേര്‍ക്ക് അഞ്ച് വര്‍ഷവും ജയില്‍
കയ്‌റോ- ഈജിപ്തില്‍ ബ്രദര്‍ഹുഡിന്റെ നേതാക്കളടക്കം 75 പേര്‍ക്ക് വധശിക്ഷയും 47 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. 2013-ല്‍ മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചതിനെ തുടര്‍ന്ന് പ്രതിഷധ ധര്‍ണയില്‍ പങ്കെടുത്ത ബ്രദര്‍ഹുഡ് നേതാക്കളും പ്രവര്‍ത്തകരുമാണ് ശിക്ഷിക്കപ്പെട്ടവര്‍. കൊലപാതകം മുതല്‍ സ്വത്തുക്കള്‍ നശിപ്പിച്ചതുവരെയുള്ള കുറ്റങ്ങള്‍ക്കാണ് നിരവധി പത്രപ്രവര്‍ത്തകരടക്കമുള്ളുവരെ കോടതി വിചാരണം ചെയ്തത്. ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചവരില്‍ ബ്രദര്‍ഹുഡ് നേതാവായിരുന്നു മുഹമ്മദ് ബദീഉം ഉള്‍പ്പെടുന്നു. നേരത്തെ പ്രഖ്യാപിച്ച വധശക്ഷയടക്കമുള്ള വിധികള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണിതെങ്കിലും അപ്പീല്‍ പോകാന്‍ അവസരമുണ്ട്. കൂട്ട വിചാരണ പ്രഹസനത്തെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ശക്തിയായി അപലപിച്ചിരുന്നു.
പുറത്താക്കപ്പെട്ട മുര്‍സിയെ അനുകൂലിച്ചും പട്ടാളനടപടിയെ അപലിപിച്ചും നടത്തിയ പ്രതിഷേധ ധര്‍ണയെ ഒടുവില്‍ സുരക്ഷാ സേന ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. സൈനിക നടപടിയില്‍ 600 പേരാണ് കൊല്ലപ്പെട്ടത്.
വിവിധ കുറ്റങ്ങള്‍ക്ക് 739 പേരാണ് വിചാരണ നേരിട്ടത്. ഫോട്ടോ ജേണലിസ്റ്റ് ശൗക്കന്‍ എന്ന മഹ്മൂദ് അബൂ സൈദിന് അഞ്ച് വര്‍ഷമാണ് ശിക്ഷ വിധിച്ചത്. രാജ്യത്തിനകത്തും പുറത്തും ഇദ്ദേഹത്തിന്റെ അറസ്റ്റില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 2013 ഓഗസ്റ്റില്‍ ജയിലിലടച്ച ഇദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനാല്‍ ദിവസങ്ങള്‍ക്കകം ജയില്‍ മോചിതനാകാം.
ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് മുര്‍സിയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാള നടപടിയില്‍ പ്രതിഷേധിച്ച് തലസ്ഥാനമായ കയ്‌റോ പ്രാന്തത്തിലായിരുന്നു വന്‍ ജനക്കൂട്ടം പങ്കെടുത്ത ധര്‍ണ സംഘടിപ്പിച്ചിരുന്നത്. 2012 ല്‍ സ്വതന്ത്രമായി നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ മുര്‍സിയെ ഒരു വര്‍ഷത്തിനുശേഷം അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തില്‍ അട്ടിമറിക്കുകയായിരുന്നു.
മര്‍സിയുടെ മകന്‍ ഉസാമ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ച 22 പേരില്‍ ഉള്‍പ്പെടുന്നു. മൊത്തം 374 പേര്‍ക്ക് 15 വര്‍ഷവും 215 പേര്‍ക്ക് അഞ്ച് വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്. വിചാരണ ആരംഭിച്ച ശേഷം അഞ്ച് പേര്‍ മരിച്ചിരുന്നു. ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.