കാസർകോട്- യുവാവും വിദ്യാർഥിയും ട്രെയിൻ അപകടത്തിൽപെട്ടു. ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയും മംഗ്ളൂരിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മംഗ്ളൂരിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് അപകടം സംഭവിച്ചത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽപെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു.
മൃതദേഹത്തിൽ നിന്നും ലഭിച്ച പാൻ കാർഡാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. പാളത്തിൽ കുടുങ്ങിയ മൃതദേഹം പൊലീസെത്തിയാണ് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. അതേസമയം ഇതേ ട്രെയിനിൽ നിന്നും വാതിലിനരികിൽ നിൽക്കുന്നതിനിടെ 19 കാരനായ വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണതായി കൂടെ യാത്ര ചെയ്ത വിദ്യാർത്ഥികൾ പൊലീസിനെ അറിയിച്ചു.
കൂത്തുപറമ്പ് സ്വദേശിയാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. കുമ്പളയ്ക്കും കാസർകോടിനും ഇടയിലാണ് അപകടം നടന്നത്. കുമ്പള ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കാസർകോട് ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ട്രെയിൻ കാസർകോട് നിന്ന് പുറപ്പെടാൻ അരമണിക്കൂറോളം വൈകി.