കാസര്‍കോട് - സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ നടപടി തെറ്റെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി. തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ നടപടിക്കെതിരെ പി.ടി.എ പ്രസിഡന്റ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ അപകടകരമായി നടന്ന മോട്ടോര്‍ സൈക്കിള്‍ റെയ്‌സിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് സന്ദേശവുമായി ബന്ധപ്പെട്ടാണ് തൃക്കരിപ്പൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്‌റ്റേഷനിലേക്ക് എസ്.എച്ച്.ഒ വിളിച്ചുവരുത്തിയത്. വാട്‌സ് ആപ്പ് സന്ദേശം ബൈക്ക് റെയ്‌സ് നടത്തിയ ആളിന് അപമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ബന്ധു പോലീസില്‍ നല്‍കിയ പരാതി. ഈ കേസിലാണ് പ്രിന്‍സിപ്പലിനെ വിളിച്ചുവരുത്തിയത്.
പ്രിന്‍സിപ്പല്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ അപമാനിക്കപ്പെട്ടു എന്ന് പറയുന്ന ബൈക്ക് റെയ്‌സ് നടത്തിയയാള്‍ പരാതി നല്‍കിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അയാളുടെ ബന്ധു നല്‍കിയ പരാതിയില്‍ പരാതിക്ക് ആസ്പദമായ വാട്‌സ് ആപ്പ് സന്ദേശം പരിശോധിച്ചു. ഇതില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത പരത്തുന്ന യാതൊന്നും ഇല്ലെന്നും ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സദുദ്ദേശത്തോടെ ചെയ്ത പ്രവൃത്തിയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയത് തെറ്റാണ്. പോലീസ് സ്‌റ്റേഷനില്‍ നിന്നും പ്രിന്‍സിപ്പലിന് പരാതിക്കാരുടെ ഭീഷണി സ്വരത്തിലുള്ള സംസാരം കേള്‍ക്കേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ എസ്.എച്ച്.ഒ ക്ക് ജാഗ്രതക്കുറവുണ്ടായി. എസ്.എച്ച്.ഒ യില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ വീഴ്ച മനപൂര്‍വമല്ലാത്തതിനാല്‍ എസ്.എച്ച്.ഒ ക്കെതിരെയായ തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായും എസ്.പി പറഞ്ഞു. പരാതിക്കാരനായ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ. രഘുനാഥന്‍ സിറ്റിംഗില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് കമ്മീഷന്‍ പരാതി തീര്‍പ്പാക്കിയത്.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക