ദോഹ - പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജ്വരം ഖത്തറിലെ പ്രവാസി സമൂഹത്തിൽ ഉയർത്തി വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ ദോഹയിലെത്തി. കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയ സ്ഥാനാർത്ഥിയെ കാണാനും കേൾക്കാനും ആയിരക്കണക്കിന് യൂ ഡി എഫ് പ്രവർത്തകരാണ് മെഷാഫിലെ പൊഡാർ സ്കൂളിൽ എത്തിയത് .
ആവേശകടൽ തീർത്ത പ്രവർത്തകർക്കിടയിലൂടെ ഏറെ പണിപ്പെട്ടാണ് ഷാഫി പറമ്പിൽ വേദിയിൽ എത്തിയത് . എനിക്ക് വോട്ട് ചെയ്താൽ പ്രവാസി സമൂഹം ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്ന് കെ എം സി സി യും ഇന്‍കാസും സംയുക്തമായി സംഘടിപ്പിച്ച വാടകരാരവം പരിപാടിയിൽ ഷാഫി പറമ്പിൽ പറഞ്ഞു . പ്രവാസികളുടെ എല്ലാ പ്രശ്ങ്ങൾക്കും പരിഹാരം കാണും എന്ന് ഞാൻ പറയുന്നില്ല, എന്നാൽ പ്രവാസികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരാൾ പാർലമെൻറിൽ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു . ഇന്ത്യയെ സംബന്ധിച്ചു ഏറെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത് . നാട് ഉയർത്തിപ്പിച്ച മൂല്യങ്ങൾ വെല്ലുവിളി നേരിടുന്നു . അതിനെ പ്രതിരോധിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു . വടകരയിൽ മത്സരിക്കുക എന്നത് എന്നെ പാർട്ടി ഏൽപ്പിച്ച ഉദരവാദിത്വമാണ് . അതിന്റെ ഗൗരവം മനസ്സിലാക്കി ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു . വടകരയിലെ ജനങ്ങൾ എന്റെ കൂടെ ഉണ്ട് . നാട്ടിൽ നിന്നും പ്രവാസ ലോകത്തു നിന്നും നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും\ അദ്ദേഹം പറഞ്ഞു . സാധ്യമാകുന്ന പ്രവാസികൾ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തന്നെ തിരഞ്ഞെടുപ്പിൽ പങ്കാളികളാകണമെന്നും ഷാഫി പറമ്പിൽ അഭ്യർത്ഥിച്ചു . യു ഡി എഫ് വടകര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ പാറക്കൽ അബ്ദുല്ല , കെ എം .സി സി പ്രസിഡന്റ് ഡോ : അബ്ദുസമദ് , ഇൻകാസ് നേതാവ് കെ .കെ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു . കെ എം സി സി നേതാക്കളയ സലിം നൽകത് , അബ്ദുന്നാസർ നാച്ചി , ശംസുദ്ധീൻ വാണിമേൽ ,ജഫാർ തയ്യിൽ , അജ്മൽ തേങ്ങലക്കണ്ടി, ഇൻകാസ് നേതാക്കളായ സമീർ ഏറാമല, വിപിൻ മേപ്പയ്യൂർ തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു . നേരത്തെ എയർപോർട്ടിൽ എത്തിയ ഷാഫി പറമ്പിലിനെ കെ എം സി സി , ഇൻകാസ് നേതാക്കൾ സ്വീകരിച്ചു .