ബാങ്കോക്- തായ്‌ലാന്‍ഡിലെ പ്രമുഖ ഉല്ലാസ കേന്ദ്രമായ കാ പങ്ങാന്‍ ദ്വീപിലെ ഒരു യോഗാ കേന്ദ്രത്തില്‍ ഗുരു ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 14 വനിതാ ടൂറിസ്റ്റുകള്‍ രംഗത്തെത്തി. അഗമ യോഗ കേന്ദ്രം നടത്തുന്ന ഗുരു സ്വാമി വിവേകാനന്ദ സരസ്വതി എന്ന നാര്‍സിസ് തര്‍ക്കാവുവിനെതിരെയാണ് പരാതി. റൊമാനിയന്‍ പൗരനായ തര്‍ക്കാവു 2003ലാണ് ഇവിടെ യോഗാ കേന്ദ്രം തുടങ്ങിയത്. അതിനു മുമ്പ് ഇന്ത്യയിലെ ഋഷികേഷിലായിരുന്നു കഴിഞ്ഞിരുന്നത്. ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളും രണ്ടു പുരുഷന്‍മാരുമാണ് യോഗാ ഗുരുവിനെതിരെ രംഗത്തെത്തിയത്. കഴഞ്ഞ 15 വര്‍ഷത്തിനിടെ ഈ കേന്ദ്രത്തില്‍ നടന്നു വരുന്നത് ലൈംഗിക പീഡനങ്ങളും ബലാല്‍സംഗങ്ങളും സ്ത്രീവിരുദ്ധ അധ്യാപനങ്ങളുമാണെന്നും ഇവര്‍ പരാതിപ്പെടുന്നു. മോക്ഷം ലഭിക്കാനെന്ന പേരില്‍ സ്വാമിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീകളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്നതും പതിവാണത്രെ.
ആത്മീയ ചികിത്സയുടെ പേരിലാണ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് മൂന്ന വിദേശ വനിതകള്‍ പരാതിപ്പെട്ടു. മറ്റുള്ളവരെ തന്റെ ഓഫീസില്‍ സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇയാള്‍ പീഡിപ്പച്ചത്. അഗമ യോഗ കേന്ദ്രത്തില്‍ സെക്‌സ് കള്‍ട്ട് പ്രവര്‍ത്തിക്കുന്നതായാണ് തങ്ങളുടെ അനുഭവമെന്നും ഇവര്‍ പറയുന്നു. അഗമയില്‍ പീഡനം നേരിട്ടതിന് തെളിവുകളുമായി 31 വനിതകള്‍ നേരത്തെ രംഗത്തെത്തിയിരുന്നെങ്കിലും ഇത് അഭ്യന്തരമായി ഒതുക്കിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇപ്പോള്‍ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് കുറ്റാരോപിതനായ യോഗ ഗുരു തര്‍ക്കാവു ജൂലൈയില്‍ കാ പങ്ങാന്‍ വിട്ടതായും റിപോര്‍ട്ടുണ്ട്. പരാതിക്കാരായ സ്ത്രീകളോട് ക്ഷമാപണം നടത്തി അഗമ പ്രസ്താവനയും ഇറക്കിയിരുന്നു. തങ്ങള്‍ക്കെതിരെ മനപ്പൂര്‍വം കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.
ലോകത്തെ തന്നെ ഏറ്റവും വലിയ യോഗാ പഠന കേന്ദ്രമാണ് അഗമ. യോഗാ പരിശീലനത്തിനു പുറമെ യോഗാ അധ്യാപകര്‍ക്കുള്ള പരിശീലനവും ഇവിടെ നല്‍കുന്നു. തായ്‌ലാന്‍ഡിലെ ആസ്ഥാന കേന്ദ്രത്തിനു പുറമെ ഇന്ത്യ, കൊളംബിയ, ഓസ്ട്രിയ എന്നിവിടങ്ങളിലും അഗമയ്ക്ക് ഉപകേന്ദ്രങ്ങളുണ്ട്.