റിയാദ്- പലരും കരുതുന്നതുപോലെ സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് എളുപ്പത്തില്‍ ലഭിക്കില്ലെന്ന് ശൂറാ കൗണ്‍സിലിലെ ധന കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഫഹദ് ബിന്‍ ജുംഅ. അപേക്ഷിക്കുന്നവര്‍ക്കു മുഴുവന്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കില്ല. വാണിജ്യ, നിക്ഷേപ മന്ത്രാലയം അടക്കം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്നാണ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയുള്ളവരെ നിര്‍ണയിക്കുക. വൈജ്ഞാനിക, ശാസ്ത്ര, വ്യവസായ മേഖലകളില്‍ അപൂര്‍വമായ സവിശേഷതകളുള്ളവര്‍ക്കും സൗദിയില്‍ ലഭ്യമല്ലാത്ത സവിശേഷതകളുള്ളവര്‍ക്കും സൗദിയില്‍ നിക്ഷേപം നടത്തുന്നതിന് സാധിക്കുന്ന കമ്പനികളുടെ ഉടമകള്‍ക്കുമാണ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയുണ്ടാവുക.
വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിനു മാത്രമാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുക. സൗദിയിലേക്ക് വിദേശികളുടെ കുടിയേറ്റത്തിന് ഗ്രീന്‍ കാര്‍ഡ് വഴിയൊരുക്കില്ല. സാമ്പത്തിക ചൂഷണങ്ങളില്‍നിന്ന് രാജ്യത്തിന് ഗ്രീന്‍ ഗാര്‍ഡ് സംരക്ഷണം നല്‍കും. സൗദികളുടെ തൊഴില്‍ സാധ്യതയെ ദോഷകരമായി ബാധിക്കാത്ത വിധം ഉന്നത യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കും ഗ്രീന്‍ കാര്‍ഡ് നല്‍കും.
ശാസ്ത്രജ്ഞരെ ആകര്‍ഷിക്കുന്ന ഗ്രീന്‍ കാര്‍ഡ് പദ്ധതി വഴി നവീന ആശയങ്ങള്‍ ആര്‍ജിക്കുന്നതിന് രാജ്യത്തിന് സാധിക്കും. സാമ്പത്തിക നേട്ടം മാത്രം മുന്‍നിര്‍ത്തിയല്ല ഗ്രീന്‍കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. സൗദിയില്‍ നിക്ഷേപം നടത്തുന്നതിനും സ്ഥിരമായി താമസിക്കുന്നതിനും ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കും. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരും തീവ്രവാദ, ഭീകരവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും അല്ലെന്ന് ഉറപ്പുവരുത്തിയാണ് വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുക.
സൗദിയില്‍ വരാതെയും സൗദിയില്‍ ജീവിക്കാതെയും വിദേശത്തു നിന്നുതന്നെ ലൈസന്‍സ് നേടി സൗദിയില്‍ എളുപ്പത്തില്‍ നിക്ഷേപം നടത്തുന്നതിന് സാധിക്കുമെന്നതിനാല്‍ ഗ്രീന്‍ കാര്‍ഡ് പദ്ധതിക്ക് വിദേശികളില്‍ നിന്നുള്ള പ്രതികരണം പരിമിതമായിരിക്കുമെന്നാണ് കരുതുന്നത്. കര്‍ശന വ്യവസ്ഥകളോടെയാണ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുക.
വിരളമായ വിദ്യാഭ്യാസ യോഗ്യതകള്‍, ഉയര്‍ന്ന യോഗ്യതകള്‍, സൗദി അറേബ്യക്ക് ആവശ്യമായ യോഗ്യതകള്‍, രാജ്യത്തിന് പ്രയോജനപ്പെടുന്ന ശാസ്ത്രീയ- പ്രായോഗിക ആശയങ്ങള്‍, നിക്ഷേപകരുടെ ഉയര്‍ന്ന ധനശേഷി, ദീര്‍ഘകാല നിക്ഷേപം, നിക്ഷേപങ്ങള്‍ വഴി ദേശീയ സമ്പദ്‌വ്യവസ്ഥക്കുള്ള നേട്ടങ്ങള്‍, സൗദികള്‍ക്ക് തൊഴില്‍ നല്‍കല്‍, ദേശീയ സമ്പദ്‌വ്യവസ്ഥക്ക് അധികമൂല്യം നല്‍കല്‍ എന്നീ മാനദണ്ഡങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹരായവരെ നിര്‍ണയിക്കുകയെന്നും ഡോ. ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.