ന്യൂദല്‍ഹി - ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പിയുടെ 5-ാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നു. ബി ജെ പി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടുക. നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാര്‍ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എസ് രാധാകൃഷ്ണനും ആലത്തൂരില്‍ ടി എന്‍ സരസുവും മത്സരിക്കും. ഇതോടെ, കേരളത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ശക്തമായ കേന്ദ്ര നിര്‍ദേശം പ്രകാരമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. അതേസമയം, നടി കങ്കണ റണാവത്ത് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മേനക ഗാന്ധി സുല്‍ത്താന്‍ പൂരിലാണ് മത്സരിക്കുന്നത്. വരുണ്‍ ഗാന്ധിക്ക് സീറ്റ് കിട്ടിയിട്ടില്ല.