ന്യൂദല്‍ഹി-ദല്‍ഹി മദ്യനയക്കേസില്‍ ആദ്യം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ശരത്ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് 59.5 കോടി രൂപ നല്‍കിയതിന്റെ കണക്കുകള്‍ പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കുടുക്കാന്‍ ശരത് ചന്ദ്ര റെഡ്ഡിയെ ഉപയോഗപ്പെടുത്തിയിരിക്കയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ആദ്യം പ്രതിയായ ശരത് ചന്ദ്ര മാപ്പുസാക്ഷിയായത് ഇലക്ടറല്‍ ബോണ്ട് ആയി കോടികള്‍ നല്‍കിയതിനെ തുടര്‍ന്നാണെന്ന് നേതാക്കള്‍ ആരോപിച്ചു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശരത് ചന്ദ്രയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു. അന്ന് നല്‍കിയ മൊഴികളില്‍ ആംആദ്മി പാര്‍ട്ടിയെ കുറിച്ചോ കെജരിവാളിനെ കുറിച്ചോ ഒന്നും അറിയില്ലെന്നാണ് ശരത് ചന്ദ്ര പറഞ്ഞത്. ജയില്‍വാസത്തിന് പിന്നാലെയാണ് ഇയാള്‍ മൊഴിമാറ്റിയതെന്നും ആംആദ്മി നേതാക്കള്‍ പറഞ്ഞു.
ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ട് നല്‍കിയാണ് ശരത് ചന്ദ്ര അരബിന്ദോ ഫാര്‍മയുടെ കള്ളപ്പണം വെളുപ്പിച്ചതെന്നും റെഡ്ഡിയുടെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലെന്നും ആം ആദ്മി നേതാക്കള്‍ പറഞ്ഞു.