ന്യൂഡൽഹി - ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസിലാണ് നടപടി. അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നടപടി.
എട്ടംഗ ഇ.ഡി സംഘം കെജ്രിവാളിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ, കനത്ത സുരക്ഷയിൽ കെജ്രിവാളിനെ ഇ.ഡി ആസ്ഥാനത്ത് എത്തിച്ചു. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാന പാതകളിൽ ബാരിക്കേഡുകൾ നിരത്തി പ്രതിഷേധത്തെ നേരിടാൻ വൻ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. ബി.ജെ.പി ദേശീയ ആസ്ഥാനത്തിന് മുന്നിലും വൻ സുരക്ഷ ഏർപ്പെടുത്തി. വൻ സുരക്ഷാസന്നാഹമാണ് എല്ലായിടത്തും ക്യാമ്പ് ചെയ്യുന്നത്.
കെജ്രിവാളിന്റെ അറസ്റ്റിൽ വൻ പ്രതിഷേധവുമായി എ.എ.പിയും ഇന്ത്യ മുന്നണിയും രംഗത്തെത്തി. ഇ.ഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മന്ത്രി അതിഷി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ തന്നെ തുടരുമെന്നും ജയിലിൽ കിടന്ന് ഭരിക്കുമെന്നും എ.എ.പി വ്യക്തമാക്കി. മദ്യനയ കേസിൽ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പക പോക്കുകയാണെന്നും ഏത് സമയത്തും താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും കെജ്രിവാൾ നേരത്തെ പ്രതികരിച്ചിരുന്നു.
ഇ.ഡി അറസ്റ്റിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്റെ ഹർജിയിൽ രാത്രി തന്നെ എ.എ.പി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അടിയന്തരമായി വാദം കേൾക്കില്ലെന്നാണ് വിവരം.
അറസ്റ്റിലായ കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ അഞ്ച് ഫോണുകളും ലാപ്‌ടോപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. ആം ആദ്മി പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.