Sorry, you need to enable JavaScript to visit this website.

മദ്യനയക്കേസില്‍ കെജ്‌രിവാളിന് തിരിച്ചടി, അറസ്റ്റില്‍നിന്നു സംരക്ഷണമില്ല

ന്യൂദല്‍ഹി - മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് ദല്‍ഹി ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. അറസ്റ്റില്‍നിന്നു ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇ.ഡി തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്കെതിരെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹരജി ഏപ്രില്‍ 22 ന് വാദം കേള്‍ക്കും.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി. ഇതുവരെ അരവിന്ദ് കെജ്‌രിവാളിന് അയച്ചത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ദല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇ.ഡി. നല്‍കിയ രണ്ട് പരാതികളില്‍ ദല്‍ഹിയിലെ കോടതിയില്‍നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി ഒമ്പതാമത്തെ സമന്‍സ് അയച്ചത്. നേരത്തേ അയച്ച എട്ടില്‍ ആറ് സമന്‍സുകളും അവഗണിച്ചതിനെതിരെയായിരുന്നു പരാതി.

 

Latest News