ന്യൂദല്‍ഹി- തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഗവര്‍ണര്‍ അവിടെ എന്ത് ചെയ്യുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. മുതിര്‍ന്ന ഡി.എം.കെ. നേതാവ് പൊന്മുടിയെ മന്ത്രിയാക്കാന്‍ വിസമ്മതിച്ചതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.
അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ ശിക്ഷയില്‍ സ്‌റ്റേ നേടിയ പൊന്‍മുടിയെ മന്ത്രിയായി സത്യവാചകം ചൊല്ലി കൊടുക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കി. 24 മണിക്കൂര്‍ സമയമാണ് ഇതിനായി നല്‍കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിനകം സത്യപ്രതിജ്ഞ ചടങ്ങ് നടന്നില്ലെങ്കില്‍ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ സ്‌റ്റേ ചെയ്തതാണ് എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എന്നിട്ടും സത്യപ്രതിജ്ഞ ചെയ്യിക്കില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. സുപ്രീം കോടതി ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗവര്‍ണറെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു.
ഗവര്‍ണര്‍ ഭരണഘടനക്ക് അതീതമായി പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ കേസിന്റെ സാങ്കേതികത്വം പറഞ്ഞ് ഗവര്‍ണര്‍ എങ്ങനെയാണ് നടപടിയെ ന്യായീകരിക്കുക എന്നും കോടതി ചോദിച്ചു.
പൊന്മുടിയുടെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തുവെങ്കിലും, അദ്ദേഹത്തെ മന്ത്രിയായി സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ ഭരണഘടനപരമായ ധാര്‍മികത അനുവദിക്കുന്നില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെതിരെയാണ് തമിഴ് നാട് സര്‍ക്കാരും, പൊന്മുടിയും സുപ്രീം കോടതിയെ സമീപിച്ചത്.