പര്‍ച്ചേസ് മാമാങ്കം കെങ്കേമമാക്കുന്നതില്‍ പ്രവാസികളുടെ പണത്തിന്റെ പങ്ക് വിലയിരുത്തിയാല്‍ പ്രവാസം പര്‍ച്ചേസിനുള്ളതാണെന്ന് തോന്നിപ്പോകും.
ഒരു പ്രമുഖ ജേര്‍ണലിന്റെ വരികള്‍ ഇങ്ങനെ: 'മലയാളിയുടെ അമിത കണ്‍സ്യൂമറിസം നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്ന ചില സൂചനകള്‍ കാണൂ. കേരളം ഇന്ന് ഏതൊരു ഉല്‍പ്പന്നത്തിന്റെയും ടെസ്റ്റ് മാര്‍ക്കറ്റ് ആണ്.എല്ലാ ലക്ഷ്വറി ഉല്‍പന്നങ്ങളുടെയും വില്‍പനയില്‍ കേരളം ഒന്നാമത്. ആഡംബര വാഹനങ്ങള്‍,പാര്‍പ്പിടം,ആഘോഷങ്ങള്‍ ,മദ്യപാനം എല്ലാത്തിലും നാം മുന്‍പില്‍ തന്നെ. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടുകള്‍ മലയാളിയുടെതാണ്, വടക്കേ ഇന്ത്യക്കാര്‍ ഒരു വീടിന് ചെലവഴിക്കുന്ന പണം നാം നമ്മുടെ ടോയ്‌ലറ്റ് ഉണ്ടാക്കാന്‍ മാത്രം ചെലവഴിച്ചു കളയും. ഭൂരിഭാഗം എന്‍.ആര്‍.ഐ വീടുകളും പൂട്ടിക്കിടക്കുന്നു.
വികസിതരാജ്യങ്ങളില്‍ ഇങ്ങനെ പൂട്ടിക്കിടക്കുന്ന വീടുകള്‍ക്ക് ഡബിള്‍ ടാക്‌സേഷന്‍ നല്‍കി ആ നികുതികൊണ്ട് പാവപ്പെട്ടവന് വീടുണ്ടാക്കാന്‍ അവിടത്തെ ഗവണ്‍മെന്റുകള്‍ ശ്രമിക്കുന്നു. മലയാളിയുടെ ഈ പോക്ക് തുടര്‍ന്നാല്‍ ഒട്ടിയ വയറുമായി കൊട്ടയും വട്ടിയുമെടുത്ത് നട്ടം തിരിയുന്ന കാലം അതിവിദൂരത്താകില്ല.
ധൂര്‍ത്തിനെ നര്‍മ്മം പോലെ നിസ്സാരമായി കണ്ടാല്‍ 'കണ്ടറിയാത്തവന്‍ കൊണ്ടറിയും 'എന്ന പഴമൊഴി പുതുതലമുറയെ താറുമാറാക്കുമെന്നുറപ്പ്.
ധൂര്‍ത്തടിക്കുന്നവര്‍ പിശാചിന്റെ സഹോദരങ്ങളാകുന്നു.. വിശുദ്ധ ഖുര്‍ആനിന്റെ ഉണര്‍ത്തല്‍ മാനവരാശിയുടെ നിലനില്‍പിന്റെ ആധാരമാണ്. മിതത്വം ആത്മീയതയായി പരിമിതപ്പെടുത്തിയവര്‍ക്ക് മതശാസനകളുടെ പെരുള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ട്.
വികസിത രാഷ്ട്രങ്ങള്‍, ചിന്തകര്‍,എഴുത്തുകാര്‍,സാംസ്‌കാരിക രാഷ്ട്രീയ നായകന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ മുഖ്യധാരയാലുള്ളവരിന്ന് ധൂര്‍ത്തിനെതിരെ രംഗത്ത് വന്നു തുടങ്ങിയിരിക്കുന്നു.
കനേഡിയന്‍ എഴുത്തുകാരനായ ജെബി മക്കിന്നന്റെ
'ദ ഡേ ദി വേള്‍ഡ് സ്‌റ്റോപ്‌സ് ഷോപ്പിംഗ്' എന്ന പുസ്തകം ഷോപ്പിംഗ് മാമാങ്കത്തിനെതിരെ സമൂഹത്തെ ബോധവല്‍കരിക്കുകയാണ്. വാങ്ങികൂട്ടുകയെന്ന ലഹരിയിലമരാത്ത ഒരു സമൂഹമുള്ള ലോകത്തെ വിഭാവനം ചെയ്യുകയാണീ ഗ്രന്ഥം.
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ജെറി മാന്‍ഡറുടെ FOUR ARGUMENTS FOR ELIMINATION OF T.V
എന്ന പുസ്തകം കലകള്‍ക്കും വാര്‍ത്തകള്‍ക്കുമപ്പുറം സമൂഹത്തില്‍ ഉപഭോക തൃഷ്ണ വളര്‍ത്താനുള്ള തന്ത്രമാണ് ടെലിവിഷന്‍ കണ്ടുപിടുത്തത്തിന്റെ പിന്നിലെന്നാണ് സമൂഹത്തെ ഗുണദോഷിക്കുന്നത്.
കെ ജയകുമാര്‍ എഴുതിയ'ലളിത ജീവിതം' എന്ന പുസ്തകവും കണ്‍സ്യൂമറിസത്തിന്റെ കെടുതികളെ കുറിച്ച് മലയാളിയെ ബോധവല്‍കരിക്കുന്നതാണ്. കടക്കെണിയില്‍ കുരുങ്ങിക്കിടക്കുന്ന മലയാളിയുടെ മോചനമാര്‍ഗ്ഗം ധൂര്‍ത്ത് ഒഴിവാക്കലാണെന്ന് 'അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം' എന്ന പുസ്തകവും പറയുന്നുണ്ട്.
'ജീവിതം ഒന്നേയുള്ളൂ അത് ഇപ്പോള്‍തന്നെ ആസ്വദിച്ച് തീര്‍ക്കുക' കണ്‍സ്യൂമറിസം പ്രചരിപ്പിക്കുന്ന ഈ ആശയത്തിലെ ആപത്ത് എല്ലാവര്‍ക്കും ബോധ്യമായി തുങ്ങിയിട്ടുണ്ട്. ഈ തിരിച്ചറിവില്‍ കുരുത്തതാണ് മിനിമലിസം എന്ന ആശയം. ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പായാതെ ആവശ്യങ്ങള്‍ നിറവേറ്റി ജീവിതം ചിട്ടപ്പെടുത്തുകയാണ് മിനിമലിസം വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു ട്രെന്റാണ് ഉപയോഗിച്ച വസ്തുക്കള്‍ വലിച്ചെറിയുന്നതിന് പകരം പിന്നീടും ഉപയോഗപ്പെടുത്തുക അതിന് മാര്‍ക്കറ്റിംഗ് സംവിധാനമൊരുക്കുക, ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ വാടകക്ക് ലഭ്യമാക്കുക എന്നീ ആശയങ്ങള്‍. ഇതൊക്കെ പ്രാബല്യത്തിലാക്കി കൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ്. ThredUp, The RealReal.
വാങ്ങികൂട്ടല്‍ മോഹം മഹാവിപത്താണ് വരുത്തി വെക്കുന്നത്. സമ്പാദിച്ചതില്‍നിന്ന് ഒന്നും നാളേക്ക് നീക്കിവെക്കാതെ സുഖിച്ച് തീര്‍ക്കുക. തികയാതെ വരുമ്പോള്‍ കടം വാങ്ങുക കടം വീട്ടാന്‍ കഠിനമായി വീണ്ടും ജോലി ചെയ്യുക വിശ്രമവും ആസ്വാദനവുമില്ലാത്തജീവിതമാണ് കണ്‍സ്യൂമറിസത്തിന്റെ ആത്യന്തികഫലം.
സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ സംതൃപ്ത ജീവിതം നയിക്കാന്‍ കഴിയൂ.
മുഹമ്മദ് നബി ( സ ) യുടെ ഒരു വചനത്തിന്റെ സാരം ഇങ്ങനെ ഉള്‍കൊള്ളാം. നിങ്ങളേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുവീന്‍ അത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടതില്‍ സംതൃപ്തി നല്‍കും.
നിങ്ങളേക്കാള്‍ മീതെയുള്ളവരിലേക്ക് നോക്കരുതേ അത് അതൃപ്തി വിളിച്ച് വരുത്തും.
ഇതാണ് സംതൃപ്തിയുടെ രസതന്ത്രം .
ആധുനികര്‍ അവതരിപ്പിക്കുന്ന Alchemy of Satisfaction ഇതു തന്നെയാണ്
'മറ്റുള്ളവരുടെ പ്രവൃത്തികണ്ട് അങ്ങനെ ചെയ്യാതിരിക്കുക ' [ The Psychology of Money ]
ആധുനിക സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ റോബര്‍ട്ട് കിയോസാക്കിയുടെ വാക്കുകള്‍ ഇങ്ങനെ
'നിങ്ങളുടെ വരുമാനത്തിനുള്ളില്‍ ജീവിക്കൂ '
നാളെയെ കുറിച്ചുള്ള ഒര്‍മ്മകളേ നമ്മുടെ സൃമൃതി,കര്‍മ്മ മണ്ഡലങ്ങളെ മഹനീയമാക്കൂ.
അമിത പര്‍ച്ചേസ് പെരുമയല്ല പൊല്ലാപ്പാണ്.