ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മാനസരോവർ യാത്രയുടെ ചിത്രങ്ങൾ പുറത്തുവന്നു. പന്ത്രണ്ടു ദിവസത്തെ യാത്രയിൽനിന്നുള്ള രാഹുലിന്റെ ചിത്രം ഇന്നലെയാണ് പുറത്തെത്തിയത്. രാഹുൽ യാത്ര ചെയ്യുന്ന ചിത്രം കോൺഗ്രസ് തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയ രാഷ്ട്രീയ നേതാവായ രാഹുൽ യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് മാനസരോവർ യാത്ര നടത്തുന്നത്. സുരക്ഷ ആവശ്യമില്ലെന്ന് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനെ രാഹുൽ അറിയിച്ചിരുന്നു. യാത്രയുടെ കാഴ്ച്ചാചിത്രങ്ങൾ രാഹുൽ ഗാന്ധി എല്ലാ ദിവസവും ഷെയർ ചെയ്യാറുണ്ട്. ശിവനാണ് പ്രപഞ്ചം എന്നായിരുന്നു ചിത്രങ്ങൾക്ക് രാഹുൽ ഒരിക്കൽ തലക്കെട്ട് നൽകിയിരുന്നത്. താനൊരു ശിവഭക്തനാണെന്ന് രാഹുൽ പലപ്പോഴും പറയാറുമുണ്ട്.
വ്യാഴാഴ്ച്ച 13 മണിക്കൂർ കൊണ്ട് 37 കിലോമീറ്റർ രാഹുൽ നടന്നുവെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. ഇടയ്ക്ക് ട്രക്കിലും യാത്ര ചെയ്യുന്നുണ്ട്. കുതിരപ്പുറത്തുള്ള യാത്ര പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നും പാർട്ടി വ്യക്തമാക്കുന്നു. ഓഗസ്റ്റ് 31-നാണ് കൈലാസ് മാനസരോവർ യാത്രക്കായി രാഹുൽ തിരിച്ചത്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്ന രാഹുലിന്റെ വിമാനത്തിന് ആകാശത്ത് വെച്ച് തകരാർ നേരിട്ടതിനെ തുടർന്ന ഘട്ടത്തിലാണ് മാനസരോവർ യാത്ര നടത്തുമെന്ന് രാഹുൽ തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇത്. അറുപത് കിലോമീറ്റർ ദൂരം രാഹുൽ നടക്കും. മാനസരോവറിലേക്കുള്ള യാത്രയിലെ ഓരോ ഘട്ടവും രാഹുൽ ട്വീറ്റ് ചെയ്യുന്നുണ്ട്. രാഹുലിന്റെ മാനസരോവർ യാത്രക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ചൈനയിൽനിന്നാണ് രാഹുൽ യാത്ര തുടങ്ങിയത്. ചൈനയിൽ ആരെയാണ് രാഹുൽ കണ്ടതെന്നറിയാൻ താൽപര്യമുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ ചോദ്യം.