ചെന്നൈ - പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം. ഹെഡ് മാസ്റ്റര്‍ക്കും കുട്ടികള്‍ക്കൊപ്പം പോയ അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കാനാന്‍ വിദ്യാഭ്യാസ വകുപ്പാണ് നിര്‍ദേശം നല്‍കിയത്. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഡി ഇ ഒ നിര്‍ദ്ദേശിച്ചു.
നരേന്ദ്ര മോഡിയുടെ റോഡ് ഷോ തുടങ്ങിയ സായിബാബ കോളനി ജംഗ്ഷനില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും
അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കൊപ്പം എത്തിയതാണ് വിവാദമായത്. ശ്രീ സായിബാബ വിദ്യാലയ അധികൃതര്‍ ആവശ്യപ്പെട്ടതിനാലാണ് റോഡ്‌ഷോയില്‍ പങ്കെടുത്തതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഡി ഇ ഒ, കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി റിപ്പോര്‍ട്ട് നല്‍കി.ഹെഡ് മാസ്റ്റര്‍ക്കും കുട്ടികള്‍ക്കൊപ്പം പോയ ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കാനാണ് നിര്‍ദ്ദേശം. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരസന്‍ പറഞ്ഞു.