ന്യൂഡൽഹി - സീറ്റ് വിഭജനത്തിലെ അതൃപ്തിക്കു പിന്നാലെ കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവച്ച് രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ.എൽ.ജെ.പി) നേതാവ് പശുപതി കുമാർ പരസ്. ബിഹാറിലെ സീറ്റ് വിഭജനത്തിൽ അനീതിയുണ്ടായെന്നും ഇതിനാൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും എൻ.ഡി.എ മുന്നണി വിടുകയാണെന്നും പരസ് അറിയിച്ചു.
ബിഹാറിൽ എൻ.ഡി.എ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായതിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി പശുപതി പരസ് രംഗത്തുവന്നത്. ബി.ജെ.പി 17 സീറ്റിലും ജെ.ഡി.യു 16 സീറ്റിലും ചിരാഗ് പാസ്വാന്റെ എൽ.ജെ.പിക്ക് അഞ്ചും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിന് ഒരു സീറ്റും അനുവദിച്ചപ്പോൾ ആർ.എൽ.ജെ.പിക്ക് മത്സരിക്കാൻ സീറ്റൊന്നും അനുവദിക്കാത്തതാണ് പശുപതി പരസിന്റെ തീരുമാനത്തിന് പിന്നിൽ. മുമ്പ് ആർ.എൽ.ജെ.പിക്കൊപ്പമുണ്ടായിരുന്ന പശുപതി പരസ് പാർട്ടി പിളർത്തി വേറൊരു വിഭാഗമായി പോകുകയായിരുന്നു. ഔദ്യോഗിക വിഭാഗം ചിരാഗ് പാസ്വാന്റെ കൂടെ നിന്നപ്പോഴും നാല് എം.പിമാരും പശുപതിക്കൊപ്പമായിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞ തവണ പശുപതി പരസിന് മോഡിയുടെ കേന്ദ്ര കാബിനറ്റിൽ ഇടം ലഭിച്ചത്. ലോക് ജനശക്തി ആചാര്യനും മുൻ കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ സഹോദരനാണ് പശുപതി പരസ്. ബി.ജെ.പിയുടെ ഗുഡ്‌ലിസ്റ്റിലുള്ള ചിരാഗ് പാസ്വാൻ മകനാണ്.
സത്യസന്ധതയോടും വിശ്വസ്തതയോടും കൂടി ദേശീയ ജനാധിപത്യ സഖ്യത്തെ താൻ സേവിച്ചെങ്കിലും അനീതിയാണ് തനിക്കും പാർട്ടിക്കും നേരിട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതൃപ്തി പരസ്യമാക്കുന്നതിന് തൊട്ട് മുമ്പും മോഡിയോട് നന്ദിയുണ്ടെന്നും പരസ് അറിയിച്ചു. എന്നാൽ, ബിഹാറിലെ എൻ.ഡി.എ നേതൃത്വം കേന്ദ്രമന്ത്രിയായ തന്നോട് തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നും തങ്ങളുടെ നാലു സിറ്റിംഗ് സീറ്റുകൾ അടക്കം നിഷേധിച്ചത് പൊറുക്കാവതല്ലെന്നും വ്യക്തമാക്കി. എന്നാൽ, ഭാവി നീക്കങ്ങൾ പ്രഖ്യാപിക്കാൻ പരസ് തയ്യാറായില്ല.