ന്യൂദല്‍ഹി-തിരഞ്ഞെടുപ്പ് ബോണ്ട് വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച് അഭിഭാഷകന്‍. ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അപൂര്‍ണ്ണമായ ഡാറ്റ നല്‍കിയത് സംബന്ധിച്ച ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് പരിഗണിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ക്ക് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്.
ഇലക്ടറല്‍ ബോണ്ട് കേസ് ന്യായമായ പ്രശ്നമല്ലെന്ന് പറഞ്ഞ അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ കേസ് നയപരമായ കാര്യമായിരുന്നുവെന്നും കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും വാദിച്ചതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇടപെടുകയായിരുന്നു. താന്‍ പറയുന്നത് ശ്രദ്ധിക്കാന്‍ പറഞ്ഞതോടെ അഡ്വ. നെടുമ്പാറ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് ചീഫ് ജസ്റ്റിസിനു നേരെ ശബ്ദമുയര്‍ത്തി. ഇതോടെ തനിക്ക് നേരെ ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത് ഹൈഡ് പാര്‍ക്ക് കോര്‍ണര്‍ മീറ്റിങ്ങല്ലെന്നും നിങ്ങള്‍ കോടതിയിലാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ എന്റെ തീരുമാനം ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു. ഒരു ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് നല്‍കണം. അതാണ് ഈ കോടതിയിലെ നിയമമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും അഡ്വ. മാത്യൂസ് നെടുമ്പാറ സംസാരിച്ച് തുടങ്ങിയതോടെ ജസ്റ്റിസ് ബി.ആര്‍. ഗവായ് ഇടപെട്ടു. നീതിനിര്‍വഹണ പ്രക്രിയയില്‍ തടസ്സം നില്‍ക്കുകയാണ് നെടുമ്പാറ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭിഭാഷകന്‍ വീണ്ടും വാഗ്വാദം തുടരുകയായിരുന്നു. നിര്‍ദിഷ്ട നടപടിക്രമം പാലിക്കുന്നത് വരെ ഞങ്ങള്‍ നിങ്ങളെ കേള്‍ക്കില്ലെന്ന് ബെഞ്ച് ഇതോടെ നിലപാടെടുത്തു.
ഇടപെടാന്‍ ശ്രമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെയും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആദിഷ് അഗര്‍വാലയുടെയും വാദം കേള്‍ക്കാനും കോടതി വിസമ്മതിച്ചു. മുന്‍കാലങ്ങളില്‍ അഭിഭാഷകന്‍ നേരിട്ട കോടതിയലക്ഷ്യ നടപടിയെക്കുറിച്ചും ബെഞ്ച് ഓര്‍മിപ്പിച്ചു. 2019-ല്‍ നെടുമ്പാറയെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോടതി അദ്ദേഹത്തെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ഒരു വര്‍ഷത്തേക്ക് സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍നിന്നു വിലക്കുകയും ചെയ്തു.