മാഹി- ചാലക്കര ആയുര്‍വ്വേദ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ആദ്യമായെത്തിയ വനിതയുടെ മൃതദേഹത്തെ അധ്യാപകരും വിദ്യാര്‍ഥികളും പോലീസ് സേനാംഗങ്ങളും ചേര്‍ന്ന് ആദരവോടെ വരവേറ്റു. കര്‍ണ്ണാടകയില്‍ നിന്നുള്ള കിശോരി സദാനന്ദ ഹൂത്തിയുടെ മൃതദേഹമാണ് ഇവിടെ പഠനാവശ്യത്തിന് എത്തിച്ചത്. മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സിനെ റോഡിന്റെ ഇരു വശത്തും അണിനിരന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വരവേറ്റു.
പൂക്കളമിട്ട മെഡിക്കല്‍ കോളജിന്റെ മുറ്റത്ത് പ്രാര്‍ഥനയ്ക്കും പുഷ്പാര്‍ച്ചനക്കും ശേഷം തൊഴുകൈകളുമായി നിന്ന കോളജിലെ മുഴുവനാളുകളും ചേര്‍ന്ന് മൃതദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് മൃതദേഹ കൈമാറ്റ ചടങ്ങും നടന്നു.
കര്‍ണ്ണാടകയില്‍ നിന്നുമെത്തിയ പ്രമുഖ സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇരയ്യ രച്ചയ്യ മത്തപ്പാട്ടി കൈമാറ്റ ചടങ്ങില്‍ സംബന്ധിച്ചു.
തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. കുബേര്‍ സംഘ് അധ്യക്ഷത വഹിച്ചു. ഡോ. മഹന്തേഷ് ബി. രാമന്നവര്‍ സോദാഹരണ പ്രഭാഷണം നടത്തി. ഡോ.ഗോപിനാഥന്‍ സംസാരിച്ചു.
ചടങ്ങില്‍ കേരളകൗമുദി തലശ്ശേരി ലേഖകന്‍ ചാലക്കര പുരുഷു മെഡിക്കല്‍ കോളജിന് ശരീര ദാന പത്രിക കൈമാറി. മാഹി ആയുര്‍വേദ മെഡിക്കല്‍ കോളജിന് ശരീര ദാനം നടത്തുന്ന ആദ്യത്തെ വ്യക്തിയായി പുരുഷു മാറി. തുടര്‍ന്ന് ചടങ്ങില്‍ ചാലക്കര പുരുഷുവിനെ വിശിഷ്ടാതിഥികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.