ന്യൂദല്‍ഹി- തിരുവനന്തപുരത്തു നിന്നും 136 യാത്രക്കാരുമായി മാലിദ്വീപിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത റണ്‍വെയിലിറങ്ങി. മാലി രാജ്യാന്തര വിമാനത്താവളത്തിലെ പണിപുരോഗമിക്കുന്ന റണ്‍വേയുടെ മധ്യത്തിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. റണ്‍വേയില്‍ കുടുങ്ങിക്കിടക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിത്രങ്ങളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. സംഭവം എയര്‍ ഇന്ത്യ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിമാനം നിന്ത്രിച്ചിരുന്ന രണ്ടു പൈലറ്റുമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
എയര്‍ബസ് 320 നിയോ വിമാനം പിന്നീട് പാര്‍ക്കിങ് ബേയിലേക്ക് കെട്ടിവലിച്ചു കൊണ്ടു പോയി. ചക്രത്തിലെ കാറ്റു പോയി കേടുപാട് സംഭവിച്ചിട്ടുണ്ട്. മാര്‍ച്ച് മുതല്‍ പണി നടന്നു വരുന്ന ഈ റണ്‍വേയുടെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായതാണെന്ന് ഏവിയേഷന്‍ വാര്‍ത്താ വെബ്‌സൈറ്റായ എയര്‍ലൈവ് ഡോട്ട് നെറ്റ് റിപോര്‍ട്ട് ചെയ്യുന്നു. ദല്‍ഹി-തിരുവനന്തപുരം-മാലി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ എഐ 263 വിമാനത്തിനാണ് അബദ്ധം പിണഞ്ഞത്. രാവിലെ 10.30ന് ദല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന് തിരുവനന്തപുരം വഴി വൈകുന്നേരം 3.20ന് മാലിയിലെത്തുന്ന രീതിയിലാണ് ഈ സര്‍വീസ്.