അഹമ്മദാബാദ് - ഹോസ്റ്റല്‍ മുറിയില്‍ നമസ്‌കരിച്ച വിദേശ വിദ്യാര്‍ഥികളെ ഗുജറാത്ത് സര്‍വകലാശാലയില്‍ മര്‍ദിച്ചു. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെയാണ് ഹോസ്റ്റല്‍ മുറിയില്‍ നമസ്‌കരിച്ചുവെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ കയ്യേറ്റം ചെയ്തത്.
ക്യാമ്പസില്‍ പള്ളിയില്ലാത്തതിനാലാണ് ഹോസ്റ്റലില്‍ നമസ്‌കരിക്കാന്‍ തീരുമാനിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ആയുധങ്ങളുമായി ഹോസ്റ്റലിലേക്ക് ഇരച്ചെത്തിയ ആള്‍ക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. അവരുടെ മുറികളുണ്ടായിരുന്നു സാധനങ്ങളും ലാപ്‌ടോപ്പുകളും നശിപ്പിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാരന്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
ഹോസ്റ്റലില്‍ നമസ്‌കരിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് അഫ്ഗാനില്‍ നിന്നുള്ള വിദ്യാര്‍ഥി പറഞ്ഞു. 'അവര്‍ ഞങ്ങളുടെ മുറിക്കുള്ളില്‍ കയറി. ലാപ്‌ടോപ്പും ഫോണുകളും പുറത്തുണ്ടായിരുന്ന ബൈക്കുകളും നശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് അവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണ് - വിദ്യാര്‍ഥി പറഞ്ഞു
ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘ്വി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നു നിര്‍ദേശം നല്‍കി. അന്വേഷണം ആരംഭിച്ചതായി അഹമ്മദാബാദ് സിറ്റി പോലീസ് കമ്മിഷണര്‍ ജെ.എസ് മാലിക്കും അറിയിച്ചു.