തിരുവനന്തപുരം- ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി.
ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം േറാഡില്‍ കിടന്നു. ഒടുവില്‍ അതുവഴി പോയ വാഹനത്തിലുള്ളവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. ഹിറ്റ് ചിത്രം 'സൈത്താനി'ലെ നായികയായിരുന്നു. 2018-ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്ക്കൊരു കാമുകന്' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം.
സഹായമഭ്യര്‍ഥിച്ച് അരുന്ധതിയുടെ സുഹൃത്തും നടിയുമായ ഗോപികാ അനില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. 'എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രിച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണ്. നിങ്ങളാല്‍ കഴിയുംവിധം സഹായിക്കുക' -ഇങ്ങനെ ഗോപിക കുറിച്ചു. ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനത്തിനായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.