കവരത്തി- ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമാണ് ലക്ഷദ്വീപ്. 1967ലാണ് ലക്ഷദ്വീപ് മണ്ഡലം നിലവില്‍ വന്നത്. ഏറ്റവും ചെറിയ മണ്ഡലമായതു കൊണ്ടു തന്നെ എല്ലാ കാലത്തും ആദ്യം പുറത്തു വരുന്ന ഫലം ദ്വീപില്‍ നിന്നായിരിക്കും. മലയാളികള്‍ റേഡിയോയിലൂടെ ഇലക്ഷന്‍ ഫലം കേട്ടു തുടങ്ങിയത് മുതല്‍ സുപരിചിതമായ സ്ഥലമാണിത്. ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ പി.എം. സഈദ് തെരഞ്ഞെടുക്കപ്പെട്ടുവെന്നത് വോട്ടിംഗ് യന്ത്രം നിലവില്‍ വരുന്നതിന് മുമ്പേ ആകാശവാണി ശ്രോതാക്കള്‍ക്കറിയാം. ഇപ്പോഴാണ് ദ്വീപില്‍ അര ലക്ഷത്തിലേറെ വോട്ടര്‍മാരായത്. അതിന്റെ പാതിയായ കാലത്തും സഈദിന്റെ വിജയ വാര്‍ത്ത സുപരിചിതമായിരുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മറ്റും ദ്വീപ് ജനതയെ അതിരറ്റ് സ്‌നേഹിച്ചു. അതിന്റെ പ്രതിഫലനം കൂടിയായിരുന്നു ലക്ഷദ്വീപിന്റെ പ്രതീകം പോലെയായിരുന്ന പി.എം സഈദ് കേന്ദ്ര മന്ത്രിസഭയില്‍ നല്‍കിയ പദവി. ദ്വീപ് ജനതയും സഈദും തമ്മിലുള്ള കെമിസ്ട്രി പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ പൈതൃകത്തതിന്റെ തുടര്‍ച്ചയാണ് മകന്‍ ഹംദുല്ല സഈദിനെ ദ്വീപ് സമൂഹം അതിരറ്റ് സ്‌നേഹിക്കുന്നത്. നിസാര വോട്ടുകള്‍ക്ക് എം.പിയല്ലാതാവേണ്ടി വന്ന അവസരത്തിലും ദല്‍ഹിയിലേക്ക് സോണിയ ഗാന്ധി ക്ഷണിച്ച് പി.എം സഈദിനെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാക്കിയിട്ടും കാലമേറെയായിട്ടില്ല. നിലവിലെ സാഹചര്യം ദ്വീപില്‍ അഡ്വ. ഹംദുല്ല സഈദിന് ഏറ്റവും അനുകൂലമാണൈന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യമാകെ തിരിച്ചു വരവിനൊനൊരുങ്ങുന്ന കോണ്‍ഗ്രസിന് ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്‌സഭ മണ്ഡലം അനുകൂലമാവാന്‍ സാധ്യതയേറെയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ദ്വീപ് ജനതയ്ക്ക് ലഭിച്ചിരുന്ന പരിഗണനയെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാണ് ദ്വീപിലെ മുതിര്‍ന്ന തലമുറയിലെ വോട്ടര്‍മാരെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
നിര്‍ണ്ണായകമായ ആന്ത്രോത്ത് ദ്വീപ് എങ്ങോട്ട് ചായുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍ തീരുമാനിക്കുക. ആകെ ഒന്‍പതു പോളിംഗ് ബൂത്തുകളുള്ള ആന്ത്രോത്ത് ദ്വീപില്‍ 10,715
വോട്ടര്‍മാരാവും ഈ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക. 80 സീറ്റുകളുള്ള യു.പി
പിടിച്ചാല്‍ ദല്‍ഹിയില്‍ കേന്ദ്ര ഭരണം പിടിക്കാം എന്ന് പറയുന്നത് പോലെയാണ് ആന്ത്രോത്ത് പിടിച്ചാല്‍ ലക്ഷദ്വീപ് പിടിക്കാം എന്നത്. അതുകൊണ്ട് തന്നെ ആന്ത്രോത്തിന്റെ കാറ്റ് എങ്ങോട്ട് വീശുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി വിലയിരുത്താനാവുക.