Sorry, you need to enable JavaScript to visit this website.

നൊച്ചാട് സ്വദേശിനി അനുവിന്റെ മരണം കൊലപാതകമെന്ന് സംശയം

പേരാമ്പ്ര- നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങളില്‍ തോട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനുവിന്റെ മരണം കൊലപാതകമെന്ന് സംശയം. ശരീരത്തില്‍ മുറിപ്പാടുകളും ചതവുമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവസമയത്ത് പ്രദേശത്ത് എത്തിയ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. അനുവിനെ അപായപ്പെടുത്തിയശേഷം ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

ബൈക്കിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ ബൈക്കുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പോലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഇവ വില്‍ക്കാന്‍ എത്തിക്കുകയാണെങ്കില്‍ വിവരം പോലീസിന് കൈമാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് പേരാമ്പ്ര നെച്ചാട് അള്ളിയോറത്തോട്ടില്‍ 26കാരിയായ അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയശേഷമാണ് അനുവിനെ കാണാതായത്. പിന്നീട് പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടില്‍ അര്‍ധനഗ്നയായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

അനുവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുട്ടിനുതാഴെ വെള്ളമുള്ള തോട്ടില്‍ വീണ് മുങ്ങിമരിക്കാനുള്ള സാധ്യത കുറവായതാണ് സംശയത്തിന് ഇടയാക്കിയത്. കൂടാതെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങളും കാണാനില്ലായിരുന്നു. തോട്ടില്‍ അര്‍ധനഗ്നയായാണ് മൃതശരീരം കണ്ടിരുന്നത്. ഇതും ഏറെ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നത്.

തോട്ടിന്റെ അടിഭാഗത്തുള്ള കട്ടിയുള്ള കറുത്ത ചെളിയാണ് അനുവിന്റെ ദേഹത്തുണ്ടായിരുന്നത്. ആരെങ്കിലും ബലപ്രയോഗത്തിലൂടെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് ഊര്‍ജ്ജിത അന്വേഷണ നടത്തുന്നുണ്ട്.

Latest News