Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിറ്റാണ്ടിനിടെ ഇന്ത്യന്‍ പൗരത്വം  ഉപേക്ഷിച്ചത് 70,000 ഇന്ത്യക്കാര്‍

ന്യൂദല്‍ഹി-2011 മുതല്‍ 2022 വരെയുള്ള ഒരു ദശാബ്ദത്തിനിടെ എഴുപതിനായിരത്തോളം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ കുടിയേറിയത് എന്ന് രേഖകള്‍. ഇത്തരത്തില്‍ പോയവരില്‍ 40 ശതമാനത്തില്‍ അധികം പേരും ചെറിയ സംസ്ഥാനമായ ഗോവയില്‍ നിന്നും പോയവരാണ്. 28,031 ഗോവക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ നിന്നും 9,557 പേര്‍ പോയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ നിന്നും പോയത് 8,918 പേര്‍.
നാലാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ നിന്നും 6,545 പേര്‍ പോയപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള കേരളത്തില്‍ നിന്നും പോയത് 3,650 പേരാണ്. അതായത് ഇക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യാക്കാരില്‍ 5.27 ശതമാനം ആണ് മലയാളികള്‍. തമിഴ്‌നാട്ടില്‍ നിന്നും 2,946 പേര്‍ മറ്റു രാജ്യങ്ങളില്‍ കുടിയേറിയപ്പോള്‍ ഡല്‍ഹിയില്‍ നിന്നും പോയത് 2,842 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കൂടി 6,814 പേര്‍ ഇക്കാലയളവില്‍ വിദേശ പൗരത്വം സ്വീകരിച്ചിട്ടുണ്ട്.
റീജിയണല്‍ പാസ്സ്‌പോര്‍ട്ട് ഓഫീസുകളില്‍ സറണ്ടര്‍ ചെയ്ത പാസ്സ്‌പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. 2012- 2013 കാലഘട്ടത്തിലാണ് വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടം ഉണ്ടായത്. പിന്നീടുള്ള ഒന്‍പത് വര്‍ഷക്കാലത്ത് 2000 മുതല്‍ 4000 പേര്‍ വീതമാണ് പോയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റീജിയണല്‍ പാസ്സ്‌പോര്‍ട്ട് ഓഫീസുകളില്‍ സറണ്ടര്‍ ചെയ്ത പാസ്സ്‌പോര്‍ട്ടുകളുടെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മീഷനുകളിലും സറണ്ടര്‍ ചെയ്തവയുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. 2011 മുതല്‍ സറണ്ടര്‍ ചെയ്ത പാസ്സ്‌പോര്‍ട്ടുകളുടെ എണ്ണം, യഥാര്‍ത്ഥത്തില്‍ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യാക്കാരുടെ എണ്ണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമെ ആകുന്നുള്ളു., 2011 നും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നും ഇടയില്‍ 16.21 ലക്ഷം ഇന്ത്യാക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.പൗരത്വം ഉപേക്ഷിക്കുന്നത് തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. വിദേശ പൗരത്വം ലഭിച്ചാല്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യേണ്ടതുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് 2011-ല്‍ 239 പാസ്സ്‌പോര്‍ട്ടുകള്‍ മാത്രമായിരുന്നു സറണ്ടര്‍ ചെയ്തതെന്നാണ്. അതേസനയം 2012-ല്‍ ഇത് 11,492 ഉം 2013- ല്‍ ഇത് 23,511 ഉമ്മ് ആയി കുതിച്ചുയര്‍ന്നു.2014 മുതല്‍, സറണ്ടര്‍ ചെയ്ത പാസ്സ്‌പോര്‍ട്ടുകളുടെ എണ്ണം 2000 നും 4000 നും ഇടയിലായി തുടരുകയാണ്.


 

Latest News