Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; ഏഴ് ഘട്ടങ്ങള്‍  ആദ്യഘട്ടം ഏപ്രില്‍ 19ന്, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

ന്യൂദല്‍ഹി- 18ാമത് ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള തീയതികള്‍ പ്രഖ്യാപിച്ചു. വിഗ്യാന്‍ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതികള്‍ പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. തീയതികള്‍ പ്രഖ്യാപിച്ചതിനുപിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ കെ വൈ സി ആപ്പില്‍ ലഭ്യമാവും. ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്ര സേനയെ വിന്യസിക്കും. അതിര്‍ത്തികളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാവും.
26 സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇത് പാര്‍ലമെന്റ് ഇലക്ഷന്‍ സമയത്തുതന്നെ നടക്കുന്നതായിരിക്കും. ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 19ന്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം അരുണാചല്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിരിക്കുകയാണ്. സിക്കിമില്‍ ഏപ്രില്‍ 19നും ഒഡിഷയില്‍  അരുണാചലില്‍ ആന്ധ്രയില്‍ മേയ് 13, എന്നിങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഒഡീഷയില്‍ രണ്ട് ഘട്ടമായായിരിക്കും നടക്കുക. അതേസമയം, ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. 543 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി 257 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 82 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
ഏകദേശം 97 കോടി പേരാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായവര്‍. ഇതില്‍ 1.84 കോടി വോട്ടര്‍മാര്‍ 18നും 19നും ഇടയില്‍ പ്രായമുള്ളവരും 19.74 കോടി വോട്ടര്‍മാര്‍ 20നും 29നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. 47.15 കോടി വനിതാ വോട്ടര്‍മാരും 49.7 കോടി പുരുഷ വോട്ടര്‍മാരുമാണ് ഇത്തവണയുള്ളത്. 1.8 കോടി കന്നിവോട്ടര്‍മാരും ഇത്തവണ വോട്ട് രേഖപ്പെടുത്തും. 19.74 കോടിയാണ് യുവ വോട്ടര്‍മാര്‍. 48,000 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്തുള്ളത്. ബൂത്തുകളില്‍ ടോയ്ലറ്റ്, കുടിവെള്ളം, വീല്‍ ചെയര്‍ എന്നിവയടക്കം എല്ലാ സൗകര്യങ്ങളുമുണ്ടാകുമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. വോട്ട് ഫ്രം ഹോം സൗകര്യവും ഉണ്ടാവും. 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിന് മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീട്ടില്‍തന്നെ വോട്ട് രേഖപ്പെടുത്താനാവും. തിരഞ്ഞെടുപ്പിനായി പൂര്‍ണ സജ്ജമെന്നും കമ്മിഷന്‍ വ്യക്തമാക്കി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. മേയ് 23നായിരുന്നു ഫലപ്രഖ്യാപനം. കഴിഞ്ഞ തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി 303 സീറ്റുകളും കോണ്‍ഗ്രസ് 52 സീറ്റുകളുമാണ് നേടിയത്.
 

Latest News