ന്യൂദല്‍ഹി-രാജ്യത്ത് ആകെ 97 കോടി വേട്ടര്‍മാരാണ് 18-ാം മത് ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുക. 10.5 ലക്ഷം പോളിംഗ് ബൂത്തുകള്‍ ഇതിനായി സംഘടിപ്പിച്ചിട്ടുണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഇതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളുമാണ് ഉള്ളത്. 1.8 കോടി കന്നി വോട്ടര്‍മാരും ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. പോളിംഗ് ബൂത്തുകള്‍ നിയന്ത്രിക്കാന്‍ 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി. 48,000 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തും.
800 ജില്ലാ മജിസ്‌ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. വീല്‍ച്ചെയര്‍, മെഡിക്കല്‍ സൗകര്യം, കുടിവെള്ളം, ശൗചാലയം എന്നിവ പോളിംഗ് ബൂത്തുകളില്‍ സജ്ജമാക്കും. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.