Sorry, you need to enable JavaScript to visit this website.

LIVE VIDEO - വാര്‍ത്താസമ്മേളനം തുടങ്ങി; ലോക്സഭാ  തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്നു

ന്യൂദല്‍ഹി-ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിക്കുന്നു. ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താസമ്മളനത്തില്‍ മുഖ്യ കമ്മിഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിക്കുന്നത്. കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും പങ്കെടുക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിക്കും. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നരലക്ഷം സൈനികരെ കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കി.
ജമ്മു കശ്മീരിലും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തുമോയെന്ന് ഇന്നറിയാം. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച അവിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പിന്നീടാക്കാനാണു സാധ്യത. ആഭ്യന്തര കലാപം തുടരുന്ന മണിപ്പുരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം. 2019 ല്‍ മാര്‍ച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.
2019ല്‍, ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലേറിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസിന് നേടാനായത് 52 സീറ്റുകള്‍ മാത്രം. ഇത്തവണ 400 സീറ്റിലധികം നേടുമെന്ന പ്രഖ്യാപനത്തോടെയാണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' പരമാവധി സീറ്റുകള്‍ നേടി ബിജെപിയുടെ പടയോട്ടം അവസാനിപ്പിക്കുമെന്ന് അവകാശപ്പെടുന്നു.

Latest News