Sorry, you need to enable JavaScript to visit this website.

പ്ലേസ്‌മെന്റില്‍ സ്റ്റാറായി കോഴിക്കോട് പോളിയിലെ ഭിന്നശേഷി വിദ്യാര്‍ഥി ബാച്ച്

കോഴിക്കോട്- ഭിന്നശേഷി വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ വിജയഗാഥയുമായി കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്ക് കോളേജ്. പോളിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ കോഴ്‌സ് (ഹിയറിങ്ങ് ഇമ്പയേര്‍ഡ്) അവസാന വര്‍ഷ ബാച്ചിലെ 15 വിദ്യാര്‍ഥികള്‍ക്കാണ് ആറ് മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം പ്ലേസ്മെന്റ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്.

ബംഗ്ലൂരുവിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷനും (എന്‍. ടി. ടി. എഫ്) ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും (ബി. പി. സി. എല്‍) ചേര്‍ന്നാണ്  സംസാരശേഷിയില്ലാത്തതും കേള്‍വിക്കുറവുള്ളതുമായ 15 വിദ്യാര്‍ഥികള്‍ക്ക് ഓയില്‍ ഗ്യാസ് ഫീല്‍ഡില്‍ ആറ് മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം ജോലി വാഗ്ദാനം ചെയ്തത്. ഇവരോടൊപ്പം പോളിയിലെ തന്നെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടാത്ത 30 വിദ്യാര്‍ഥികള്‍ക്കും ഇതേ ഓഫര്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഭിന്നശേഷി ബാച്ചിലെ 10 പേര്‍ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലിക്ക് കയറിയിരുന്നു. മറ്റ് അഞ്ച് പേര്‍ക്ക് ഉന്നത സ്ഥാപനങ്ങളില്‍ പരിശീലനത്തിനും അവസരം ലഭിച്ചു.

പഠനത്തോടൊപ്പം ജോലിയും ഉറപ്പുവരുത്തിയാണ് വെസ്റ്റ്ഹില്‍ പോളിടെക്‌നിക്ക് കോളേജ് മാതൃക തീര്‍ക്കുന്നത്. മൂന്ന് വര്‍ഷത്തെ കോഴ്‌സിന് ശേഷം ഉന്നത പഠനത്തിനും ജോലിക്കും ഇന്റേണ്‍ഷിപ്പിനുമുള്ള അവസരം നല്‍കി കുട്ടികളെ ജീവിതത്തിലെ ഉയര്‍ന്ന തലങ്ങളിലേക്ക് അധ്യാപകര്‍ കൈപിടിച്ചുയര്‍ത്തുന്നു. 

2012ലാണ് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായി സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങുന്നത്. കാസര്‍ക്കോട് മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളില്‍ നിന്നായി 49 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. 80 ശതമാനത്തിന് മുകളില്‍ കേള്‍വിക്കുറവുള്ള കുട്ടികള്‍ക്കാണ് സ്‌പെഷ്യല്‍ ബാച്ചില്‍ പ്രവേശനം. ഈ നിബന്ധനയൊഴിച്ചാല്‍ സാധാരണ വിദ്യാര്‍ഥികള്‍ പഠിക്കുന്ന അതേ സിലബസാണ് ഇവരും പഠിക്കുന്നത്.

പഠന പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രകടനവാണ് വിദ്യാര്‍ഥികള്‍ കാഴ്ചവെക്കുന്നത്. അധ്യാപകര്‍, ലാബ് അറ്റന്റര്‍, ഇന്റര്‍പ്രട്ടര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് വകുപ്പിലുള്ളത്. 

കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്തതിനാല്‍ പഠനം പൂര്‍ത്തിയായാലും വിദ്യാര്‍ഥികളെ ജോലിക്ക് എടുക്കാന്‍ പലരും വിമുഖത കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്ലേസ്‌മെന്റ് ഓപ്ഷനിലൂടെ കൂട്ടികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവി ഡോ. ജൗഹര്‍ അലി പറഞ്ഞു.  
ഇപ്പോള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് (എച്ച്. ഐ) കോഴ്‌സിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം  വര്‍ധിച്ചുവരികയാണെന്ന് പോളിടെക്നിക് പ്രിന്‍സിപ്പാള്‍ പി. കെ. അബ്ദുള്‍ സലാമും പറയു
ന്നു. കോഴ്‌സിന് സ്വീകാര്യത ഏറി വരുന്നതാണ് സീറ്റുകളുടെ ആറിരട്ടിയോളം അപേക്ഷകള്‍ വരാന്‍ കാരണം. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനം ലഭ്യമാക്കുന്നതിനായി അധ്യാപകര്‍ക്ക് പരിശീലനം ഉള്‍പ്പെടെ നല്‍കിവരുന്നുണ്ട്.

സ്‌പെഷ്യല്‍ ബാച്ചിലാണ് പ്രവേശനമെങ്കിലും സാധാരണ വിദ്യാര്‍ഥികളോടൊപ്പമുള്ള ഇടപെടല്‍ ഭിന്നശേഷി വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
വെസ്റ്റ്ഹില്ലിന് പുറമേ കളമശ്ശേരി പോളിടെക്‌നിക്,  തിരുവനന്തപുരത്തെ വനിതാ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലാണ് കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിങ്ങ് ഇമ്പയേര്‍ഡ്) സ്‌പെഷ്യല്‍ ബാച്ചുകള്‍ ഉള്ളത്.
 

Latest News