ന്യൂദല്‍ഹി- പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ പറഞ്ഞു. 'സിഎഎ ഒരിക്കലും പിന്‍വലിക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ പരമാധികാര തീരുമാനമാണ്, അതില്‍ ഞങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല' അമിത് ഷാ പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാര്‍സി അഭയാര്‍ഥികള്‍ക്കും അവകാശങ്ങളും പൗരത്വവും നല്‍കാന്‍ മാത്രമാണ് സിഎഎ.പൗരത്വ ഭേഗഗതി നിയമം നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗങ്ങളോ ഭയപ്പെടേണ്ടതില്ല. കാരണം ആരുടെയും പൗരത്വം എടുത്തുകളയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു.