ന്യൂദല്‍ഹി- രണ്ടാം കര്‍ഷക പ്രക്ഷോഭം ദില്ലി അതിര്‍ത്തികളില്‍ 30 ദിവസം പിന്നിടുകയാണ്. പ്രക്ഷോഭം ഒരു മാസക്കാലം പിന്നിടുമ്പോള്‍ 7 കര്‍ഷക പ്രക്ഷോഭകാരികള്‍ക്കാണ് സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നത്. ദില്ലിയിലേക്കുള്ള ശംഭു, ഖനൗരി അതിര്‍ത്തികള്‍ക്ക് പുറമെ ഡാബ്ബിവാലി ബോര്‍ഡറും പ്രക്ഷോഭകാരികള്‍ സീല്‍ ചെയ്തിരിക്കുകയാണ്.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ റെയില്‍ തടയല്‍, ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഖഡ്ഖട് ടോള്‍ പ്ലാസ സൗജന്യമാക്കല്‍ തുടങ്ങിയ സമര പരിപാടികളും അതിര്‍ത്തിയിലെ പ്രക്ഷോഭത്തോടൊപ്പം നടന്നുകൊണ്ടിരിക്കുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍ പൊളിറ്റിക്കല്‍) നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ രാജ്യവ്യാപകമായ പ്രചരണയാത്ര സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. ദില്ലി മാര്‍ച്ചിന് നേരെ നടന്ന വെടിവെപ്പില്‍ തലയ്ക്ക് വെടിയുണ്ടയേറ്റ് മരണമടഞ്ഞ യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ ജന്മസ്ഥലമായ ബത്തിന്‍ഡയിലെ ബല്ലോയില്‍ നിന്നും യാത്ര ആരംഭിക്കും.
ഒന്നാം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപി മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധനങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ഇന്നു ദില്ലിയിലെ രാംലീല മൈതാനത്ത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കര്‍ഷക മഹാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബസുകളിലായാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് സ്ത്രീകള്‍ ക്രാന്തികാരി കിസാന്‍ യൂണിയന്റെ (ഡോ.ദര്‍ശന്‍പാല്‍) നേതൃത്വത്തില്‍ ദില്ലിയില്‍ എത്തിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഇതിനിടെ, കര്‍ഷകരെ ദല്‍ഹി അതിര്‍ത്തികളില്‍ നിന്ന് മാറ്റണമെന്ന മുന്‍ ബി.ജെ.പി എം.എല്‍. എയുടെ ഹരജി കോടതി തള്ളി.