വാഷിംഗ്ടൺ ഡിസി- ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് ടിക് ടോക് ഒഴിഞ്ഞില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തും. ബൈറ്റ് ഡാന്സുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആറ് മാസത്തെ കാലാവധിയാണ് ജപ്രതിനിധി സഭ അനുവദിച്ചിരിക്കുന്നത്.
65നെതിരെ 352 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ടിക് ടോക് ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണ് നിരോധനത്തിന് നിര്‍ദേശമുയര്‍ന്നത്. സെനറ്റ് പാസാക്കിയാല്‍ ബില്‍ നിലവില്‍ വരും. ടിക് ടോക് നിരോധിക്കുന്നതിനോട് അനുകൂല സമീപനമാണ് പ്രസിഡന്റ് ജോ ബൈഡനുള്ളത്.