ചെന്നൈ - കുടംുബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ഭിക്ഷയെന്ന് ആക്ഷേപിച്ച ദേശീയ വനിതാ കമ്മീഷന്‍ അംഗവും ബി ജെ പി നേതാവുമായ ഖുശ്ബുവിന്റെ പരാമര്‍ശം വിവാദത്തില്‍. തമിഴ്‌നാട്ടില്‍ വര്‍ധിച്ച് വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരാമര്‍ശം ഉണ്ടായത്. ഈ സാഹചര്യത്തില്‍ ആയിരം രൂപ സ്ത്രീകള്‍ക്ക് ഭിക്ഷയായി കൊടുത്താലും വോട്ട് ചെയ്യില്ലെന്നായിരുന്നു ഖുശ്ബു പറഞ്ഞത്. ഡി എം കെ സര്‍ക്കാര്‍ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടുകയും ചെയ്താല്‍ ആളുകള്‍ക്ക് 1000 രൂപ ഭിക്ഷ തേടേണ്ടി വരില്ലെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ഖുശ്ബുവിന്റെ പരാമര്‍ശത്തിനിനെതിരെ ഡി എം കെയുടെ വനിതാ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഖുശ്ബുവും രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്തകളില്‍ ഇടംപിടിയ്ക്കാനായി ഡി എം കെയ്ക്ക് താന്‍ ആവശ്യമാണെന്നും മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും സാമൂഹ്യമാധ്യമമായ എക്‌സില്‍ ഖുശ്ബു കുറിച്ചു. മദ്യപിച്ചവരുമായി ജീവിക്കുന്നവര്‍ അനുഭവിക്കുന്ന വേദന നിങ്ങളുടെ പണത്തേക്കാള്‍ വളരെ കൂടുതലാണ്. അവരെ സ്വതന്ത്രരാക്കുക, അവര്‍ക്ക് നിങ്ങളുടെ 1,000 രൂപ ആവശ്യമില്ലെന്നും ഖുശ്ബു പറഞ്ഞു. ഖുശ്ബുവിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് തമിഴ്നാട് സാമൂഹ്യക്ഷേമ മന്ത്രി ഗീതാ ജീവന്‍ രംഗത്തെത്തി. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന 1.16 കോടി സ്ത്രീകളെയാണ് അവര്‍ അപമാനിച്ചതെന്ന് അവര്‍ പറഞ്ഞു.