ന്യൂയോര്‍ക്ക്- ലോകത്ത് നാലിലൊന്ന് ജനങ്ങളും മതിയായ വ്യായാമം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്.ഒ). 168 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയാണ് ഉര്‍ജ്ജസ്വലരായ ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ളത്. ഏറ്റവും മടിപിടിച്ചവരുടെ രാജ്യം കുവൈത്തും. പട്ടികയില്‍ ഏറ്റവും ഒടുവിലാണ് കുവൈത്തിന്റെ സ്ഥാനം. കുവൈത്ത്, സൗദി അറേബ്യ, ഇറാഖ്, ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപു രാജ്യമായ അമേരിക്കന്‍ സമോവ എന്നീ രാജ്യങ്ങളിലെ ജനങ്ങളില്‍ പകുതിയിലേറെ പേരും കാര്യമായി ശരീരമനക്കാതെ മടിപിടിച്ചു കിടക്കുന്നവരാണെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. അതേസമയം യുഗാണ്ടയില്‍ തടിയനക്കാത്ത മടിയന്മാരായി ജനസംഖ്യയുടെ വെറും 5.5 ശതമാനം മാത്രമെ ഉള്ളൂ. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 117 ആണ്. ഫിലിപ്പീന്‍സ് 141, ബ്രസീല്‍ 164, യുഎസ് 143, ബ്രിട്ടന്‍ 123, സിംഗപൂര്‍ 126, ഓസ്‌ട്രേലിയ 97 എന്നിങ്ങനെയാണ് മറ്റു പ്രമുഖ രാജ്യങ്ങളുടെ റാങ്കുകള്‍.
ആഴ്ചയില്‍ 75 മിനുട്ട് ശരീരം കാര്യമായി അനക്കുകയോ അല്ലെങ്കില്‍ 150 മിനുട്ട് മിതമായ തോതില്‍ നന്നായി ശരീരം അനക്കുകയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചുചെയ്യുന്നതോ ആണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം മതിയായ വ്യായാമം. ഭൂരിപക്ഷം രാജ്യങ്ങളിലും ശരീരമനക്കുന്ന കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ പിന്നിലാണ് സ്ത്രീകള്‍. ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന വരുമാനക്കാരായ രാജ്യക്കാരെ അപേക്ഷിച്ച് കൂടുതല്‍ ശരീരം അനക്കുന്നവരും മതിയായ വ്യായാമം ലഭിക്കുന്നവരുമാണ്. ദീര്‍ഘനേരം ഇരുന്നുള്ള ജോലികളും വാനഹങ്ങളെ ആശ്രയിക്കുന്നതുമാണ് വ്യായാമക്കുറവിന പ്രധാന കാരണങ്ങളായി ലോകാരോഗ്യ സംഘടനാ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
2001-നും 2016-നുമിടയില്‍ ആഗോള തലത്തില്‍ തന്നെ വ്യായാമത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. 2025-നകം വ്യായാമക്കുറവ് 10 ശതമാനം കുറക്കണമെന്നാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ഇതു എത്തിപ്പിടിക്കാനാവില്ലെന്ന് പുതിയ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും ജനങ്ങളുടെ വ്യായാമം വര്‍ധിപ്പിക്കാന്‍ ദേശീയ തലത്തില്‍ അടിയന്തിരമായി നടപടികള്‍ വേണ്ടിവരുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.